കോഴിക്കോട്: കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും.
എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു ഷുഹൈബ്.
സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയിൽ നിന്ന് ഷുഹൈബ് ഇന്നാണ് നാട്ടിലെത്തിയത്. ചേതനയറ്റ സഹറയെ കണ്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു പിതാവ്.
ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരി സഹറ. ജസീലയുടെ സഹോദരിയായ കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്തിന്റെ കൂടെയുള്ള ട്രെയിൻ യാത്രയിലാണ് സഹറയ്ക്ക് ജീവൻ നഷ്ടമായത്.
റഹ്മത്തും അപകടത്തിൽ മരിച്ചിരുന്നു. ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്.
മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ട് വയസുകാരി സഹറ എന്നിവര്‍ക്കൊപ്പം മട്ടന്നൂർ സ്വദേശി നൗഫിക്ക് എന്നയാളും മരിച്ചിരുന്നു.
ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്.
റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്.
ഇവിടെ നിന്ന് കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു.
കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിൻ കയറിയത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപമുള്ള റെയിൽവേ പാളത്തിലാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്.