കൊച്ചി: തപാല്‍ മാര്‍ഗം മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ച് ബംഗളൂരു മലയാളി. തപാല്‍ വകുപ്പില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മദ്യം അയച്ച ആളുടെ വിവരങ്ങള്‍ ലഭിച്ചത്.
മദ്യം തപാല്‍ മാര്‍ഗം എറണാകുളത്തുള്ള സുഹൃത്തിന് അയച്ചത് താനാണെന്ന് ഇയാള്‍ ഫോണിലൂടെ മൊഴി നല്‍കിയിട്ടുണ്ട്.
ഇയാളുടെയും എറണാകുളത്തെ സുഹൃത്തിന്റെയും പേരു വിവരങ്ങള്‍ എക്സൈസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തപാല്‍ വകുപ്പ് ജീവനക്കാരുടെ മൊഴിയെടുക്കും. ഒപ്പം ബംഗളൂരു തപാല്‍ ഓഫീസിലെ ദൃശ്യങ്ങളും ശേഖരിക്കും.
പാര്‍സല്‍ അയച്ചയാളെ കൊച്ചിയില്‍ എത്തിച്ചോ ബംഗളൂരിലെത്തിയോ ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിനു ശേഷമാകും അറസ്റ്റ്. തപാല്‍ ലഭിക്കേണ്ടിയിരുന്ന എറണാകുളം സ്വദേശിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ എലി തുരന്ന നിലയിലുള്ള പാഴ്സല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളില്‍ മദ്യക്കുപ്പികള്‍ കണ്ടത്.
മൂന്ന് കുപ്പി മദ്യവും മിക്സച്ചറുമാണ് പാഴ്സലില്‍ ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ നിന്നുള്ള പാര്‍സല്‍ കൈമാറ്റത്തിനിടെ എവിടെയോ വച്ച് മിക്സചറിന്റെ മണം പിടിച്ചെടുത്ത എലിയാണ് പെട്ടിതരുന്ന് മദ്യക്കടത്ത് പൊളിച്ചത്.
മദ്യം കണ്ടെത്തിയതോടെ ജീവനക്കാര്‍ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മദ്യവും പെട്ടിയും ഇന്നലെ കോടതി ഹാജരാക്കി. സംസ്ഥാനത്ത് വില്ക്കാന് അനുവാദമില്ലാത്ത മദ്യം കടത്താന്‍ ശ്രമിച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്.
ഒരു ലക്ഷം രൂപ പിഴയും 10 വര്‍ഷം തടവും വരെ ശിക്ഷ ലഭിക്കാം. കുറഞ്ഞ അളവിലായാലും ഇത്തരം കേസുകളില്‍ ശിക്ഷയില്‍ മാറ്റമുണ്ടാകില്ല.