ന്യൂയോർക്ക്: ഇസ്രയേലിൽ നടന്ന സംഘർഷങ്ങൾക്കിടെ ഹമാസ് ഭീകരർ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ശക്തമായതോടെ വിശദമായ അന്വേഷണം ആരംഭിച്ച് യുഎൻ.
ജനുവരി അവസാനത്തോടെ പരാതികൾ സംബന്ധിച്ച വിവരശേഖരണം ആരംഭിക്കും. ഇതിനായി യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റേൺ ഇസ്രയേൽ സന്ദർശിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജറിക്ക് പറഞ്ഞു.
അക്രമണത്തിൽനിന്ന് അതിജീവിച്ചവർ, ദൃക്സാക്ഷികൾ തുടങ്ങിയവരിൽനിന്നു വിവരശേഖരണം നടത്തും. ഹമാസ് തടവിലക്കിയശേഷം മോചിപ്പിച്ചവരെയും സന്ദർശിക്കുമെന്നും അറിയിപ്പിലുണ്ട്. ഫോറൻസിക് തെളിവുകളടക്കം ശേഖരിക്കുന്നതിനുള്ള വിദഗ്ധ സംഘം പ്രമീളയോടൊപ്പം ഉണ്ടാകുമെന്നാണ് സൂചന.