ജറുസലേം: യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) പിരിച്ചുവിടണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിൽ പ്രവേശിച്ച് ഹമാസ് നടത്തിയ ആക്രമണത്തിൽ യുഎൻആർഡബ്ല്യുഎ ജീവനക്കാരിൽ ചിലർക്ക് പങ്കുണ്ടെന്നാരോപിച്ചാണ് നെതന്യാഹു ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് യുഎന്നും അന്താരാഷ്ട്ര സമൂഹവും മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രയേൽ ആരോപണത്തെത്തുടർന്ന് യുഎസും മറ്റ് 10 രാജ്യങ്ങളും യുഎൻആർഡബ്ല്യുഎക്കുള്ള സഹായം താത്കാലികമായി നിർത്തിവച്ചു.
യുഎൻആർഡബ്ല്യുഎ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കുമെന്നു പലകോണുകളിൽനിന്നും ആശങ്ക ഉയർന്നിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ പ്രതിസന്ധി നേരിടുന്ന പലസ്തീനിലെ ഗാസ മുനമ്പിൽ യുഎൻആർഡബ്ല്യുഎയുടെ 13,000 ആളുകൾ ജോലി ചെയ്യുന്നുണ്ട്.