യുഎന്‍എ പിളര്‍പ്പിലേക്ക്, ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ പേരില്‍ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം, വിദേശത്തു ജോലിചെയ്യുന്ന നേഴ്‌സുമാര്‍ സംഘടനയ്ക്ക് നല്കിയ പണത്തിനും കണക്കില്ല!! തട്ടിപ്പുകള്‍ കൂടുതല്‍ പുറത്തേക്ക്

നേഴ്‌സിംഗ് രംഗത്തെ പ്രമുഖ സംഘടനകളിലൊന്നായ യുണൈറ്റഡ് നേഴ്‌സിംഗ് അസോസിയേഷനിലെ അഴിമതി പുതിയ തലത്തിലേക്ക്. മുന്‍ സംസ്ഥാന ഭാരവാഹി പോലീസില്‍ കേസ് നല്കിയതോടെയാണ് യുഎന്‍എയുടെ തലപ്പത്ത് നടക്കുന്ന കള്ളക്കളികള്‍ പലതും പുറത്തുവരുന്നത്. വിദേശത്തു നിന്നുള്‍പ്പെടെ നേഴ്‌സുമാര്‍ സംഘടനയെ സഹായിക്കാന്‍ നല്കിയ പണം പോലും പലരും സ്വന്തം പോക്കറ്റിലാക്കിയെന്ന ആരോപണം ശക്തമായതോടെ യുഎന്‍എ പിളര്‍പ്പിന്റെ വക്കിലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതോടെ തിരുവനന്തപുരം മേഖലയിലുള്ളവര്‍ പരാതിക്കാര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

യുഎന്‍എയുടെ നേതൃത്വത്തിലുള്ള ജാസ്മിന്‍ ഷായ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് തെളിവുസഹിതം പുറത്തുവന്നത്. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് യുഎന്‍എയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും വ്യക്തമായിട്ടുണ്ട്.

ഇക്കാര്യം സമ്മതിച്ച ഷാ പറയുന്ന ന്യായീകരണം ഇങ്ങനെ- ഭാര്യ കാര്‍ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോള്‍ കാര്‍ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിന്‍ ഷായുടെ ന്യായീകരണം. ഇതിനെതിരേ സംഘടനയുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വലിയതോതില്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നാണ് മറ്റൊരു ആരോപണം. നേഴ്‌സുമാരുടെ മാസവരുമാനത്തില്‍ നിന്നും സംഭാവനകളില്‍ നിന്നും ശേഖരിച്ച പണം കാണാനില്ലെന്ന് യുഎന്‍എ നേതൃത്വത്തില്‍ തന്നെ ഉള്ള സിബി മഹേഷ്, ബെല്‍ജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്.

സംഘടന നിലവില്‍ വന്ന 2011 മുതല്‍ എല്ലാ വര്‍ഷവും ജനറല്‍ കൗണ്‍സില്‍ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകള്‍ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിന്‍ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. എന്നാല്‍ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിന്‍വലിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജാസ്മിന്‍ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

മാസവരിസംഖ്യയായി ഒരു നേഴ്സില്‍ നിന്നും വാങ്ങുന്നത് 300 രൂപയാണ്. ഇരുപതിനായിരത്തോളം അംഗങ്ങള്‍ സംഘടനയിലുണ്ട്. ഇതുകൂടാതെ വിദേശത്തു ജോലി ചെയ്യുന്നവരും സംഘടനയുമായി സഹകരിക്കുന്നുണ്ട്. ഇവര്‍ അംഗങ്ങളല്ല. ഒരു വര്‍ഷം അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ വലിയ തുകയുണ്ട്. ഇതൊന്നും ഇപ്പോള്‍ കാണാനില്ലെന്നാണ് പരാതി.

Related posts