സ്വന്തം ലേഖകൻ
തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) സംസ്ഥാന കൗണ്‍സിൽ തൃശൂരിൽ ആരംഭിച്ചു.ദേശീയ സമിതി, സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി ഭാരവാഹികൾ, യൂണിറ്റ് സെക്രട്ടറിമാർ, പ്രസിഡന്റുമാർ, ട്രഷറർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യു.എൻ.എ ഫണ്ടിൽ നിന്ന് ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തില്ഡ# 3.5 കോടി രൂപ തട്ടിയെടുത്തെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ യോഗം ഇതെക്കുറിച്ച് ചർച്ച ചെയ്തു.
ആരോപണത്തെ ഒറ്റക്കെട്ടായി നേരിടാനും കേസ് കോടതിയിലെത്തുന്പോൾ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.സാന്പത്തിക ക്രമക്കേട് വെറും ആരോപണം മാത്രമാണെന്നും പണം ബാങ്കിൽ നിന്ന് പിൻവലിച്ചതിനും അത് എങ്ങിനെ എന്തിനൊക്കെ വിനിയോഗിച്ചുവെന്നതിന്റെയും കൃത്യമായ രേഖകൾ കൈവശമുണ്ടെന്നും അതുകൊണ്ടുതന്നെ ഏത് അന്വേഷണത്തേയും നേരിടാൻ സംഘടന സന്നദ്ധമാണെന്നും നേതാക്കൾ വ്യക്തമാക്കി.
ഇതൊരു ട്രേഡ് യൂണിയന്റെ ആഭ്യന്തര വിഷയമെന്ന നിലയിൽ കൈകാര്യം ചെയ്യുന്നതാണ് ഉത്തമമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.സംഘടനയെ പിളർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് യോഗത്തിൽ പങ്കെടുത്ത ദേശീയ നേതാക്കൾ ചൂണ്ടിക്കാട്ടി.അതിനിടെ യു.എൻ.എക്ക് ട്രേഡ് യൂണിയൻ അഫിലിയേഷൻ നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ പ്രമുഖ ട്രേഡ് യൂണിയൻ സംഘടനയുടെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കാനും തീരുമാനമായി.
കേരള നഴ്സസ് ആൻഡ് മിഡ് വൈഫ് കൗണ്‍സിലിലേക്ക് മികച്ച വിജയം നേടിയ യു.എൻ.എയെ സ്ഥാനമേൽക്കാതിരിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ സാന്പത്തിക ആരോപണത്തിന് പിന്നിലെന്നും അതുകൊണ്ടുതന്നെ കെ.എൻ.സിയുടെ പുതിയ ഭാരവാഹികളെ അടിയന്തിരമായി നിയമിക്കാനുള്ള നടപടികൾ ഉൗർജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു.
സാന്പത്തിക ക്രമക്കേട് സംബന്ധിച്ച ഏത് അന്വേഷണത്തിനും പരിപൂർണ സഹകരണം യോഗം ഉറപ്പു നൽകി.സംഘടന അച്ചടക്ക ലംഘനത്തെ തുടർന്ന് മൂന്നുവർഷത്തോളം പുറത്താക്കപ്പെട്ട വ്യക്തി നൽകിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അന്വേഷിക്കാൻ പോകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സിബി മുകേഷ് സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യവും വിദ്വേഷവും തീർക്കാനാണ് സംഘടനക്കെതിരെ സാന്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നതെന്നും യു.എൻ.എ ഭാരവാഹകൾ പറഞ്ഞു.
സംഘടനയുടെ സാന്പത്തിക ഇടപാടുകളെല്ലാം തന്നെ ബാങ്ക് മുഖേനയാണെന്നും വർഷാവർഷ കൃത്യമായ വരവുചെലവു കണക്കുകൾ ജനറൽ കൗണ്‍സിൽ അംഗീകരിച്ച് ഓഡിറ്റിംഗിന് വിടുന്നുണ്ടെന്നും സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി.
ലക്ഷക്കണക്കിന് രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയും സംഘടന ചിലവഴിക്കുന്നുണ്ടെന്നും ഒളിച്ചുവെക്കാൻ സംഘടനയ്്ക്കകത്ത് യാതൊന്നുമില്ലാത്തതിനാൽ ഏത് അന്വേഷണത്തേയും നേരിടാനാണ് തീരുമാനമെന്നും പ്രസിഡന്റും സെക്രട്ടറിയും യോഗത്തെ അറിയിച്ചു.
ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിലാണ് 3.5 കോടി രൂപയുടെ തട്ടിപ്പ് നടന്നതെന്നാണ് യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരും വെടിവെച്ചാം കോവിൽ സ്വദേശി പരൂർക്കുഴി മേലേപാണുവിൽ സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയത്.