ലണ്ടന്‍: ഉനയ് എമറിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്സണിന്റെ പരിശീലകനായി നിയമിച്ചു. ഈ സീസണില്‍ ആഴ്സീന്‍ വെംഗര്‍ ആഴ്സണലിന്റെ പരിശീലക സ്ഥാനത്തുനിന്നു വിരമിച്ചതോടെയാണ് പിന്‍ഗാമിയായി എമറി എത്തിയത്. 2016 ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരി സാന്‍ ഷെര്മയിന്റെ പരിശീലകനായി ചുമതലയേറ്റ എമറി ഈ സീസണില്‍ പിഎസ്ജി വിട്ടു. രണ്ടു സീസണിലായി ആകെ ഏഴു കിരീടങ്ങളാണ് ഇദ്ദേഹത്തിനു കീഴില്‍ പിഎസ്ജി നേടിയത്. ഈ സീസണില്‍ പിഎസ്ജി ലീഗ് വണ്‍ ഉള്‍പ്പെടെ ആകെ മൂന്നു കിരീടങ്ങളില്‍ മുത്തമിട്ടു.
പിഎസ്ജിയില്‍ എത്തുന്നതിനു മുമ്പ് എമറി സെവിയ്യയ്ക്കൊപ്പമായിരുന്നു. സെവിയ്യയെ 2013-14, 2014-15, 2015-16 സീസണുകളില്‍ യൂറോപ്പ ലീഗില്‍ ഹാട്രിക് കിരീടത്തിലേക്കു നയിച്ചു. എമറിക്ക് പിഎസ്ജിയെ രണ്ടു സീസണിലും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിനപ്പുറം കടത്താനായില്ല. കഴിഞ്ഞ സീസണില്‍ പാരീസില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബാഴ്സലോണയെ 4-0ന് പരാജയപ്പെടുത്തിയശേഷം ന്യൂകാമ്പിലെ രണ്ടാം പാദത്തില്‍ 6-1ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങി.
ഈ സീസണില്‍ നെയ്മറെയും കൈലിയന്‍ എംബാപ്പെയെയും സ്വന്തമാക്കാനായി 48.3 കോടി ഡോളറാണ് പിഎസ്ജി ചെലവഴിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ താരകൈമാറ്റമായിരുന്നു ഇത്. 2017-18 സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോടു തോല്‍ക്കാനായിരുന്നു വിധി.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് ആഴ്സണല്‍ പരിശീലകനെ തേടുന്നത്. ക്ലബ്ബിനൊപ്പം 22 വര്‍ഷത്തെ സേവനത്തിനുശേഷം ഈ സീസണോടെ വിരമിക്കുകയാണെന്ന് വെംഗര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആഴ്സണിന് പുതിയ പരിശീലകനെ തേടേണ്ടിവന്നത്. ഈ സീസണില്‍ ആറാമതായി ലീഗ് പൂര്‍ത്തിയാക്കിയ ആഴ്സണലിന് തുടര്‍ച്ചയായ രണ്ടാം സീസണിലും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായി.
മുന്‍ ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ മൈക്കല്‍ ആര്ടിയ വെംഗര്‍ക്കു പിന്‍ഗാമിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇദ്ദേഹം രണ്ടു സീസണായി പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗാര്‍ഡിയോളയുടെ പരിശീലകസംഘത്തിലെ അംഗമായിരുന്നു. 2011 മുതല്‍ 2016 വരെ ആര്ടിയ ആഴ്സണലിനുവേണ്ടി 150 മത്സരങ്ങളില്‍ ഇറങ്ങി. ആര്ടിയയില് വെംഗര്‍ തന്റെ പിന്‍ഗാമിയെ കണ്ടിരുന്നു. എന്നാല്‍ പരിശീലകനായുള്ള പരിചയസമ്പത്ത് കുറവാണ് മുന്‍ സ്പാനിഷ് അണ്ടര്‍ 20 താരത്തിനു വിനയായത്.