തിരുവനന്തപുരം: സ്വകാര്യമെഡിക്കൽ കോളജുകൾ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം നിയമസഭ സാധൂകരിച്ച സംഭവത്തിൽ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാഭ്യാസ കൊള്ളയ്ക്കു നിയമസഭ കൂട്ടുനിന്നത് ശരിയായില്ലെന്ന് യൂത്ത് കോൺഗ്രസ്.
വിദ്യാഭ്യാസ കച്ചവടക്കാരുടെ താൽപര്യത്തിനാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചത്. വിദ്യാർഥികളുടെ ഭാവിപറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.
പാലക്കാട് കരുണ, കണ്ണൂർ കോളജുകൾ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനാണ് നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായത്. ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബിൽ നിയമസഭ ഐകകണ്ഠ്യേനെയാണ് പാസാക്കിയത്.
എംസിഐ അസാധുവാക്കിയ 180 വിദ്യാർഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നൽകിയത്. പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചു. അതേസമയം, ബില്ലിന്റെ കാര്യത്തിൽ വി.ടി. ബൽറാം സഭയിൽ എതിർപ്പ് ഉന്നയിച്ചു. ബിൽ സ്വകാര്യ മാനേജുമെന്റുകളെ സഹായിക്കാനാണെന്ന് ബൽറാം ആരോപിച്ചു.
എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബൽറാമിന്റെ നിലപാട് തള്ളി. വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഭരണകക്ഷിയുമായി ഇക്കാര്യത്തിൽ ഒത്തുകളിയൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.