കൊടുകുത്തി: ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ പലപ്പോഴും ഒടിഞ്ഞു നിലം പതിക്കുന്നുണ്ട്.
ശബരിമല സീസൺ ആരംഭിച്ചതോടെ നിരവധി തീർഥാടന വാഹനങ്ങളാണ് ഇതിന് സമീപത്ത് പാർക്ക് ചെയ്യുന്നത്. കൂടാതെ ഉണങ്ങി നിൽക്കുന്ന ഈ മരം ദേശീയപാതയോരത്തു കൂടി കടന്നുപോകുന്ന വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ്.
ദീർഘദൂരം ഓടിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങുന്നതിനായി തെരഞ്ഞെടുക്കുന്നതും ഇതിന് സമീപത്തെ സ്ഥലമാണ്. മരം ഒടിഞ്ഞ് റോഡിൽ വീണാൽ വലിയ അപകടമാകും സംഭവിക്കുക.
പൂർണമായും ഉണങ്ങിനിൽക്കുന്ന ഈ മരം എത്രയും വേഗം വെട്ടിമാറ്റി പാത സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.