മാവേലിക്കര: പുതിയകാവ് ചന്തയുടെ മുൻ ഭാഗത്തായി ഉണങ്ങി വീഴാറായ നിലയിൽ നിൽക്കുന്ന വൻമരങ്ങൾ ഭീഷണിയാകുന്നു. ചന്തയ്ക്ക് മുൻഭാഗത്തായുള്ള പൊതുമരാമത്ത് പുറന്പോക്കിൽ നിൽക്കുന്ന മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ഭീഷണി ഉയർത്തുന്നത്. മാവേലിക്കര പന്തളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ പ്രധാന പാതകളാണ് ചന്തയ്ക്ക് മുൻപിലൂടെ കടന്നുപോകുന്നത്.
ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഇവിടെ മരങ്ങൾ വലിയ ഭീഷണി തന്നെയാണ്. മരങ്ങൾക്ക് ഒപ്പം നിൽക്കുന്ന തെങ്ങിൽ നിന്ന് തേങ്ങ അടർന്നു വീണ് റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ട്.
മരങ്ങൾ ഉടൻ മുറിച്ചുമാറ്റിയില്ലെങ്കിൽ അനിഷ്ട സംഭവങ്ങൾക്ക് അത് കാരണമായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികൾ പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നുമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.