കണ്ണൂർ: പുറത്ത് മഴ തിമർത്തു പെയ്യുന്പോൾ, ആവിപറക്കുന്ന കഞ്ഞിയും ഉണക്കമീൻ വറുത്തതും കൂട്ടി ഒരു പിടിപിടിക്കണം. അതിന്റെ രുചിയൊന്ന് വേറെതന്നെയാണ്. മഴക്കാലവും ട്രോളിങ്ങ് നിരോധനവും ഒരുമിച്ച് എത്തിയതോടെയാണ് ഉണക്കമീനിന് പ്രിയമേറിത്തുടങ്ങിയത്.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മത്സ്യം കിട്ടാൻ പ്രയാസമായി. കിട്ടുന്ന മത്സ്യത്തിന്ന് വലിയ വിലയും കൊടുക്കേണ്ടി വരും. ഇതോടെയാണ് ഉണക്കുമീൻ വിപണി സജീവമായത്. മുള്ളൻ, ചെമ്മീൻ, തെരണ്ടി എന്നീ ഉണക്കമീനുകൾക്കാണ് കൂടുതൽപ്രിയം. ഉണക്ക ചെമ്മീനിനാണ് വില കൂടുതൽ.
കിലോയിക്ക് 600 രൂപ. വലിയ മീനുകളായ സ്രാവും തെരണ്ടിയുമാണ് കൂടുതൽ ചെലവാകുന്നത്. തെരണ്ടിക്ക് 600 രൂപയാണ് വില. സ്രാവിന് 400 മുതൽ 500 രൂപയും മുള്ളന്‍ 250 മുതൽ 300 രൂപയും. മത്തിക്കും മാന്തളിനും 150 മുതൽ 250 വരെയാണ് വില. നെത്തോലി കിലോയ്ക്ക് 300 രൂപയാണ്.
ഹോട്ടലിലും മറ്റും കറിവെയ്ക്കാനായി ഉണക്കചെമ്മീനാണ് മഴക്കാലത്ത് കൂടുതലായി വാങ്ങുന്നത്. ഉണക്കമീൻ ഒരുമാസം മാത്രമേ സൂക്ഷിക്കാനാവൂ. മീനിന്റെ നിറം മാറിതുടങ്ങിയാൽ അവ ഉപയോഗിക്കാനാവില്ലെന്ന് കണ്ണൂർ മാർക്കറ്റിൽ 27 വർഷമായി ഉണക്കമീൻ കച്ചവടം നടത്തുന്ന ടി.കെ. നവാസ് പറയുന്നു. ചെന്നൈയിൽ നിന്നും ആയിക്കരയിൽ നിന്നും പച്ചമീൻ എത്തിച്ച് ഉണക്കാക്കുന്ന സംവിധാനവുമുണ്ട്.