പെരുന്പടവ്: അസൗകര്യങ്ങൾകൊണ്ടു പൊറുതിമുട്ടുകയാണു പെരുന്പടവിലെ ഗവ. യുനാനി ഡിസ്പെൻസറി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ആറു വർഷങ്ങൾക്കു മുന്പു പ്രവർത്തനം തുടങ്ങിയ ഡിസ്പെൻസറി തളിപ്പറന്പ് താലൂക്കിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയാണ്. അതിനാൽത്തന്നെ ദിവസവും നൂറു കണക്കിനു രോഗികളാണ് ഇവിടെ എത്തിച്ചേരുന്നത്.
ചപ്പാരപ്പടവ് പഞ്ചായത്ത് പെരുന്പടവ് ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മുകളിലെ നിലയിലായതിനാൽ രോഗികൾക്കു കയറാൻ ബുദ്ധിമുട്ടാണ്. സ്റ്റെയർകേസിനു സുരക്ഷാസംവിധാനങ്ങളും ഇല്ല. മേൽക്കൂര മഴയത്തു ചോർന്നൊലിക്കുന്നതിനാൽ ബക്കറ്റ് വച്ചു വെള്ളം പിടിക്കുകയാണു ചെയ്യുന്നത്.
വെയിൽ വന്നാൽ ചൂടുകാരണം ഇരിക്കാനും പ്രയാസമാണ്. ഇവിടെ എത്തുന്ന രോഗികൾക്കു വിശ്രമിക്കാനും സൗകര്യങ്ങളില്ല. പഞ്ചായത്ത് ആവശ്യത്തിനു മരുന്നുകൾ നൽകുന്നുണ്ടെങ്കിലും സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ നിലത്തുതന്നെ വച്ചിരിക്കുകയാണ്.
സുരക്ഷാമാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കാനുള്ള സൗകര്യങ്ങളില്ല. നൂറുകണക്കിനു രോഗികൾക്ക് ആശ്രയമായ യുനാനി ഡിസ്പെൻസറിക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.