പല പ്രണയങ്ങളും പ്രതിബന്ധങ്ങളെ അതിജീവിച്ചാകും സഫലമാകുന്നത്. പലപ്പോഴും പ്രണയം സാക്ഷാത്കാരത്തിന് സഹായത്തിനായി പല കമിതാക്കളും ആശ്രയിക്കുന്നത് പോലീസിനെയാവും.
അത്തരത്തില് സഹായം തേടി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഇപ്പോള് അതേ സ്റ്റേഷനില് പോലീസുകാരനായി മാറിയ കഥയാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്.
വാകത്താനംകാരനായ അഭിലാഷിന്റെയും ഭാര്യ മായാമോളിന്റെയും ജീവിതത്തിലാണ് ഈ അപൂര്വ ട്വിസ്റ്റ്.
എട്ടാം വിവാഹവാര്ഷികം ആഘോഷിക്കാന് ഇരുവരും തെരഞ്ഞെടുത്തത് ജീവിതം തുടങ്ങിയപ്പോള് സംരക്ഷണം തേടിയെത്തിയ അതേ പോലീസ് സ്റ്റേഷന് തന്നെയാണ് എന്നതും കൗതുകം.
വാകത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. ഭാര്യ മായാമോള് തൊട്ടടുത്ത് തന്നെ വെള്ളുത്തുരുത്തി എല്.പി.സ്കൂള് അദ്ധ്യാപികയും.
2014 ജനുവരി 16 നായിരുന്നു ഇവരുടെ പ്രണയവിവാഹം. കോട്ടയം റജിസ്റ്റാര് ആഫീസില് വിവാഹിതരായതിന് പിന്നാലെ ഇവര് സംരക്ഷണ തേടി നേരെയെത്തിയത് വാകത്താനത്ത് പോലീസ് സ്റ്റേഷനില് ആയിരുന്നു.
വിവരം പറഞ്ഞപ്പോള് പ്രശ്നം ഏറ്റെടുത്ത അന്നത്തെ വാകത്താനം സി.ഐ. അനീഷ് രണ്ടുപേരുടേയും വീട്ടുകാരെ വിളിച്ചു വരുത്തി പ്രശ്നം രമ്യമായി പരിഹരിച്ചു.
രണ്ടു വീട്ടുകാരെയും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാനായിരുന്നു നവദമ്പതികള്ക്ക് നല്കിയ ഉപദേശം. അഭിലാഷും മായയും ഉപദേശം സ്വീകരിച്ചു തങ്ങളുടെ ജീവിതം കാണിച്ചു കൊടുക്കുകയും ചെയ്തു.
അഭിലാഷ് കോട്ടയത്ത് പ്രൈവറ്റ് ബസ് ഡ്രൈവറും മായമോള് ടി.ടി.സി. വിദ്യാര്ത്ഥിനിയും ആയിരിക്കെ ഒരേ ബസിലെ പതിവ് യാത്രയായിരുന്നു ഇരുവരേയും ഒന്നിപ്പിച്ചത്.
നാലുവര്ഷത്തെ പ്രണയത്തിനൊടുവില് വിവാഹം കോട്ടയം റജിസ്ട്രാര് ആഫീസില്. വീട്ടുകാരുടെ ചെറിയ എതിര്പ്പിനെ മറികടന്നുള്ള വിവാഹത്തിന് ശേഷമാണ് വാകത്താനം സ്റ്റേഷനില് എത്തി വിവരം പറഞ്ഞത്.
നിരവധി ജോലികള്ക്കു ശേഷമാണ് അഭിലാഷ് പോലീസിലെത്തിയത്. വാകത്താനം സ്റ്റാന്ഡില് ഓട്ടോ ഓടിക്കുകയും കെ.എസ്.ആര്.ടി.സി.യില് എംപാനല് ഡ്രൈവറായും ജീവിതം മുമ്പോട്ടു കൊണ്ടുപോയ അഭിലാഷ് അഞ്ചുവര്ഷം മുമ്പാണ് പോലീസില് എത്തിയത്.
ഇതിനിടയില് മായ ഡിഗ്രിയു ബി.എഡും പൂര്ത്തിയാക്കി. ഇവര്ക്ക് രണ്ട് ആണ്മക്കളാണുള്ളത്. രണ്ടാം ക്ലാസ്സില് പഠിക്കുന്ന അദ്വൈതും എല്.കെ.ജി. വിദ്യാര്ത്ഥി ആദിദേവും.