സൗദിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ സ്ഥിതി അതിദയനീയമാവുകയാണ്. തലശേരി എരിഞ്ഞൊളി പഞ്ചായത്തില്‍ ചോനാടം സ്വദേശി സയിദ് നിസാമുദ്ദീനാണ് സൗദിയിലെ അല്‍കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ നാട്ടിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ആവശ്യമാണ്. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് ഇയാളുടെ കുടുംബം അപേക്ഷിക്കുന്നത്. സൗദിയിലെ ചികിത്സയ്ക്ക് ഭീമമായ തുക വേണ്ടിവരുന്നതിനാലാണ് ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
റിയാദിലെ മിഠായി വിതരണക്കമ്പനിയില്‍ എട്ടു വര്‍ഷമായി സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു ഇയാള്‍. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ മാസം അല്കോബാറിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഐസിയു പരിചരണം വേണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. നിസാമുദ്ദീന്‍ സി ക്ലാസ് ഇന്‍ഷ്വറന്‍സ് പരിരക്ഷയായതിനാല് സൗകര്യം കുറഞ്ഞ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഹൃദയസംബന്ധമായ പ്രശ്നം കൂടി വന്നതോടെ വെന്റിലേറ്ററിലാക്കി.
പ്രമേഹവിവരം ഇന്‍ഷ്വറന്‍സ് സമയത്ത് മറച്ചുവച്ചെന്നു പറഞ്ഞ് ഇന്‍ഷ്വറന്‍സ് കമ്പനി ചികിത്സാ ചെലവു നിഷേധിക്കുകയും ചെയ്തു. ഇതുവരെ ചികിത്സയ്ക്കായി 30,60000 രൂപ ചെലവായിക്കഴിഞ്ഞെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി വലിയ ആശുപത്രിയിലേക്കു മാറ്റണമെങ്കില്‍ 17 ലക്ഷം രൂപ കെട്ടി വയ്ക്കേണ്ടി വരും. ഇതേത്തുടര്‍ന്നാണ് നിസാമുദ്ദീനെ നാട്ടിലെത്തിക്കാനായി എയര്‍ ആംബുലന്‍സ് സേവനം തേടിയത്. ഇതിന് 10 ലക്ഷം രൂപ വേണ്ടിവരും. ആശുപത്രി ചെലവ് പോലും കണ്ടെത്തന്‍ കഴിയാത്ത അവസ്ഥയിലാണു ഇയാളുടെ കുടുംബവും പ്രവാസി സംഘടനകളും. ചികിത്സാ ചെലവിന് 4500 റിയാല്‍ നല്കിയ കമ്പനി അധികൃതര്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
മാതാപിതാക്കളും ഭാര്യയും 12,10, എട്ട് വയസായ മൂന്നു കുട്ടികളുമുള്‍പ്പെട്ട കുടുംബം ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. നിസാമുദ്ദീന്റെ ഭാര്യ സെറീന മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യമന്ത്രി കെ. കെ ശൈലജ, എ. എന്‍. ഷംസീര്‍ എം.എല്‍.എ എന്നിവരോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. നിസാമുദ്ദീനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്കാന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഈ നിര്‍ധന കുടുംബം.