“ഉണ്ട’ പേര് കേൾക്കുമ്പോഴേ എന്തായിതെന്ന് പലർക്കും തോന്നിയേക്കാം. പക്ഷേ, പോലീസുകാരുടെ കഥയാണെന്ന് കേട്ടതോടെ ഉണ്ട എന്താണെന്ന് എല്ലാവർക്കും മനസിലാകും. ആ ഉണ്ട എന്താണ് കാട്ടാൻ പോകുന്നതെന്നായിരുന്നു പ്രേക്ഷകന്റെ കൗതുകം. ആ കൗതുകം പക്ഷേ കേരളാ പോലീസിന്റെ ദയനീയ അവസ്ഥയെ വരച്ചിട്ടപ്പോൾ പലപ്പോഴും പഴി പറഞ്ഞിട്ടുള്ള പോലീസുകാരോട് ബഹുമാനവും സ്നേഹവും താനെ തോന്നിപ്പോകും.
വ്യത്യസ്തത വേണമെന്ന് മുറവിളി കൂട്ടുന്നവരുടെ മനസിലേക്കാണ് മണി സാറും (മമ്മൂട്ടി) പിള്ളേരും ഉണ്ടയുമായി കയറിവന്നത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയ പോലീസുകാരുടെ കഥയാണ് ഉണ്ട പറയുന്നത്. 2014-ൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രീകരണം ഗൗരവം കൈവിടാതെ രസകരമായി തന്നെ സംവിധായകൻ ഖാലിദ് റഹ്മാൻ ആവിഷ്കരിച്ചിട്ടുണ്ട്.
മമ്മൂട്ടിയെന്ന ഒറ്റയാന്റെ ചുമലിലേറിയല്ല കഥ മുന്നോട്ടു നീങ്ങുന്നത്. പോലീസുകാർ എന്നതിലുപരി അവരിലെ പച്ചയായ മനുഷ്യരെ പുറത്തേക്കിടാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരടങ്ങിയ സംഘത്തെ നയിക്കുന്നത് എസ്ഐ മണിസാറാണ്. പോലീസ് യൂണിഫോം ഇടുന്പോൾ നുരച്ച് പൊങ്ങുന്ന കടുകട്ടി ഡയലോഗുകളോ, പഞ്ച് ഡയലോഗുകളോ ഒന്നും മമ്മൂട്ടി ഉണ്ടയിൽ പൊട്ടിക്കുന്നില്ല. പകരം പച്ചയായ മനുഷ്യന്റെ ഭാവങ്ങൾ മാത്രമാണ് മെഗാസ്റ്റാറിൽ കാണാൻ കഴിയുന്നത്.
ഏതു സമയവും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാവുന്ന പ്രദേശത്തേക്ക് വേണ്ടത്ര സജ്ജീകരണമില്ലാതെ പോലീസുകാരെ പറഞ്ഞയച്ച കേരള സർക്കാരിനെ ചിത്രത്തിൽ കണക്കിന് പരിഹസിക്കുന്നുണ്ട്. മണിസാറിനൊപ്പമുള്ള ബാക്കി എട്ടുപേർക്കും ചിത്രത്തിൽ തുല്യസ്ഥാനം നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോരുത്തരുടെ രാഷ്ട്രീയവും കാഴ്ചപ്പാടും പിന്നെ പോലീസ് പണിക്ക് വന്നതിന്റെ ഉദ്ദേശവുമെല്ലാം സംവിധായകൻ കൃത്യമായി ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ലുക്മാൻ സ്വാഭാവിക അഭിനയം കൊണ്ട് ചിത്രത്തിൽ ശോഭിക്കുന്പോൾ ഒരു സമൂഹം ഇന്നും നേരിടുന്ന അവഗണനയും പരിഹാസവും താനേ പുറത്തേക്ക് ചാടി.
പോലീസുകാരുടെ സീനിയോരിറ്റിയും ഈഗോയുമെല്ലാം ഓവറാക്കാതെ സിന്പിളായി ചിത്രത്തിൽ വന്നു പോകുന്നുണ്ട്. സ്വന്തം തെറ്റ് തിരുത്താൻ സീനിയറെ ഉപദേശിക്കുന്ന ജൂണിയറേയും ഇവിടെ കാണാനാവും. അടിയന്തരഘട്ടത്തിൽ മുന്നിൽ നിൽക്കണ്ടയാൾക്ക് അടിതെറ്റിയാൽ സംഭവിക്കുന്ന അന്ധാളിപ്പ് മികവോടെ പകർത്താൻ സംവിധായകനായിട്ടുണ്ട്.
ആകാംക്ഷ ഒട്ടും ചോരാതെ ഛത്തീസ്ഗഡിലെ അധിക ആൾവാസമില്ലാത്ത സ്ഥലത്തെ അതിന്റെ തീവ്രതയോടെ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ സജിത്ത് പുരുഷന് സാധിച്ചിട്ടുണ്ട്. ഉള്ളിലെ ഭയവും പിന്നെ മാവോയിസ്റ്റ് ഭീതിയുമെല്ലാം അപ്പാടെ നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ പ്രയാണം. പശ്ചാത്തല സംഗീതം ഇരന്പി വന്ന് ചെവിയിൽ മൂളുന്നത് “ഇതാ ഇപ്പോൾ ആക്രമണം ഉണ്ടാകാൻ പോകുന്നു’ എന്നാണ്. കേരളാ പോലീസിന് തുടക്കത്തിൽ ഉണ്ടാകാത്ത ഗൗരവക്കുറവ് അതേപടി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
ഒരു മനുഷ്യന് ഉണ്ടാകുന്ന കയറ്റിറക്കങ്ങൾക്കിടയിലും തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യാൻ വെന്പൽ കൊള്ളുന്ന പോലീസ് ഉദ്യോഗസ്ഥനെ മമ്മൂട്ടിയിൽ കാണാനാവും. അമാനുഷിക പരിവേഷം വിട്ട് മമ്മൂട്ടിയെ പച്ച മനുഷ്യനായി സ്ക്രീനിൽ കാണാൻ സാധിച്ചു എന്നതാണ് ഉണ്ടയുടെ ഹൈലൈറ്റ്.
ഛത്തീസ്ഗഡിലെ ഉൾപ്രദേശങ്ങളിലെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടാൻ സംവിധായകൻ ചിത്രത്തിൽ മറക്കുന്നില്ല. സ്വന്തം മണ്ണ് വിട്ടുകൊടുക്കാൻ തയാറാകാത്ത ജനങ്ങളെ ചിത്രത്തിൽ കാണാനാവും. മനുഷ്യരെ മനസിലാക്കാൻ ഭാഷയുടെ ആവശ്യമില്ലെന്ന് ചിത്രം തെളിയിക്കുന്പോൾ ഒരുപിടി മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മണി സാറും സംഘവും പ്രേക്ഷകരുടെ മനസിലേക്ക് കയറിപ്പറ്റുകയാണ്.
ഉണ്ട ഏതൊരു പ്രേക്ഷകനും സമ്മാനിക്കുക ഒരു വേറിട്ട അനുഭവമായിരിക്കും. കാര്യമാത്ര പ്രസക്തിയുള്ള വിഷയം ചെറു നർമങ്ങളിൽ പൊതിഞ്ഞാണ് മുന്നിലേക്കെത്തുന്നത്. മാസ് ഡയലോഗുകളും കിടിലൻ സ്റ്റണ്ടും പ്രതീക്ഷിച്ച് ഉണ്ടയ്ക്ക് കയറിയാൽ ആ തോക്കിലെ ഉണ്ട നിങ്ങൾക്ക് കാട്ടിത്തരുക ഇതുവരെ കാണാത്ത മറ്റു ചില കാഴ്ചകളായിരിക്കും.
വി.ശ്രീകാന്ത്