മുംബൈ: ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ കോല്‍ക്കത്തയിൽ. ഒക്ടോബര്‍ 28നാണ് കലാശപ്പോരാട്ടം. ഫൈനല്‍ നടക്കുന്ന വിവേകാനന്ദ യുവ ഭാരതി ക്രിരംഗം മൈതാനം (പഴയ സാള്‍ട്ട് ലേക്) കോടികള്‍ മുടക്കിയാണ് നവീകരിച്ചത്. 85000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ സ്റ്റേഡിയമാണ് ഇത്. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരവും ഓരോ ക്വാര്‍ട്ടര്‍, പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുമടക്കം 10 മത്സരങ്ങള്‍ ഇവിടെ നടക്കും.
ഉദ്ഘാടന മത്സരം മുംബൈയിലാണ്. ഒരു സെമി മുംബൈയിലും രണ്ടാം സെമി ഗോഹട്ടിയിലുമാണ്. അതേസമയം, സെമി ഫൈനലോ ഫൈനലോ പ്രതീക്ഷിച്ച കൊച്ചിക്കു നിരാശ. ക്വാര്‍ട്ടര്‍ ഫൈനലിലെയും പ്രീക്വാര്‍ട്ടറിലെയും ഏതെങ്കിലും ഒരു മത്സരവും പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ഡി മത്സരങ്ങളും മാത്രമായി മാറും കൊച്ചിയുടെ പങ്കാളിത്തം.
എട്ടു മത്സരങ്ങളാകും കൊച്ചിയില്‍ നടക്കുക. ഇന്ത്യയടങ്ങുന്ന ഗ്രൂ്പ്പ് എയിലെ മത്സരങ്ങള്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഗ്രൂ്പ്പ് ബിയിലെ മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും ഗ്രൂപ്പ് സിയിലെ പോരാട്ടങ്ങള്‍ ഗോവയിലുമാണ്. ഗ്രൂപ്പ് ഇ മത്സരങ്ങള്‍ ഗോഹട്ടിയിലാണ്.
ഗോവയ്ക്കും ഡല്‍ഹിക്കും രണ്ട് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ലഭിക്കുമ്പോള്‍ കൊച്ചിക്കും മുംബൈക്കും ഗോഹട്ടിക്കും കോല്‍ക്കത്തയ്ക്കും ഓരോ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കിട്ടും. ക്വാര്‍ട്ടര്‍ കോല്‍ക്കത്ത, ഗോവ, ഗോഹട്ടി, കൊച്ചി എന്നിവിടങ്ങളിലാണ്. സെമി നടക്കുന്ന ഗോഹട്ടിയിലും മുംബൈയിലും എട്ടു മത്സരങ്ങള്‍ വീതം നടക്കും.
ഗ്രൂപ്പ് ബി മത്സരങ്ങള്‍ നടക്കുന്ന ന്യൂഡല്‍ഹിയില്‍ എട്ടു മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് സി മത്സരങ്ങളാണ് ഗോവയില്‍ നടക്കുന്നത്. ഫിഫയുടെ ഇന്‍സ്പെക്്ഷന്‍ കമ്മിറ്റിയാണ് ഇന്നലെ വേദികള്‍ പ്രഖ്യാപിച്ചത്. ഫിഫയുടെ എട്ടംഗ സംഘം കഴിഞ്ഞ ഏഴു ദിവസമായി നടത്തിയ അന്തിമ പരിശോധനകള്‍ക്കു ശേഷമാണ് ഫിഫ സംഘം വേദികള്‍ പ്രഖ്യാപിച്ചത്. കോല്‍ക്കത്ത, ന്യൂഡല്‍ഹി, ഗോഹട്ടി, മഡ്ഗാവ്, കൊച്ചി, മുംബൈ എന്നീ നഗരങ്ങളാണ് ഫിഫ കമ്മിറ്റി പരിശോധിച്ചത്.
ജാമി യാര്സയായിരുന്നു സംഘത്തലവന്. വേദിയായി പരിഗണിച്ച എല്ലാ നഗരങ്ങളിലെയും സൗകര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കോല്‍ക്കത്തയിലെയും നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെയും സൗകര്യങ്ങള്‍ മികവുറ്റതാണെന്നും അതുകൊണ്ടാണ് ഇരു നഗരങ്ങളെയും മികച്ച മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഇന്ത്യയില്‍ ആഘോഷങ്ങളുടെ മാസമാണ്. അതുകൊണ്ടുതന്നെ ഫുട്ബോളിന്റെ വലിയ ആഘോഷം ഇന്ത്യയില്‍ നടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൊച്ചിക്ക് പ്രധാനപ്പെട്ട മത്സരങ്ങളൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിനു വ്യക്തമായമറുപടിയാണ് യര്‍സ പറഞ്ഞത്. തയാറെടുപ്പുകളില്‍ ഏറ്റവും പിന്നില്നില്ക്കന്നത് അവരാണ്. സ്റ്റേഡിയത്തിനു ചുറ്റുമുള്ള കടകള്‍ ഭീഷണിയാണ്. അതു മാറ്റുന്നതില്‍ വലിയ ഉറപ്പുകളൊന്നും സംഘാടകര്‍ തന്നില്ല. എങ്കിലും മേയ് 15നു മുമ്പ് കൊച്ചിയും തയാറാകുമെന്നാണ് കരുതുന്നതെന്ന് യര്‍സ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ആറു മുതല്‍ 28വരെയാണ് ലോകകപ്പ്. ലോകകപ്പിന്റെ പ്രചാരണാര്‍ഥം മിഷന് 11 മില്യണ്‍ എന്ന മുദ്രാവാക്യവുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രതിനിധികള്‍ 37 നഗരങ്ങളിലായി 12000 സ്കൂളുകള്‍ സന്ദര്‍ശിക്കും. ഫുട്ബോളിന്റെ വളര്‍ച്ച താഴേത്തട്ടിലെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
യോഗ്യത നേടിയവര്‍
ഇന്ത്യയെക്കൂടാതെ ഏഷ്യയില്‍നിന്ന് ഇറാന്, ഇറാക്ക്, ജപ്പാന്, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുണ്ട്.ലാറ്റിനമേരിക്കയില്‍നിന്ന് ബ്രസീല്‍, പരാഗ്വെ, ചിലി, കൊളംബിയ എന്നീ ടീമുകളും ഓഷ്യാനിയയില്‍നിന്ന് ന്യൂ കാലിഡോണിയയും ന്യൂസിലന്‍ഡും യോഗ്യത നേടി. യൂറോപ്പിലെയും കോണ്കാകാഫിലെയും ആഫ്രിക്കയിലെയും യോഗ്യതാ പോരാട്ടങ്ങള്‍ വരും മാസങ്ങളില്‍ നടക്കും. ടീമുകളായതിനുശേഷം ജൂലൈ ഏഴിന് ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പുകളില്‍ വരുമെന്ന് വ്യക്തമാകും.
അണ്ടര്‍ 17 ലോകകപ്പ് വേദികള്‍ മത്സരക്രമം
കോല്‍ക്കത്ത
ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഒരു ക്വാര്‍ട്ടര്‍, ഒരു പ്രീക്വാര്‍ട്ടര്‍, ഗ്രൂപ്പ് എഫ് മത്സരങ്ങള്‍ (10)
നവി മുംബൈ
സെമി ഫൈനല്‍, ഗ്രൂപ്പ് എയിലെ ആറു മത്സരങ്ങള്‍, ഒരു പ്രീക്വാര്‍ട്ടര്‍ (8)
ഗോഹട്ടി
ഗ്രൂപ്പ് ഇ മത്സരങ്ങള്‍, സെമി ഫൈനല്‍, ഒരു പ്രീ ക്വാര്‍ട്ടര്‍, ഒരു ക്വാര്‍ട്ടര്‍ (9)
ന്യൂഡല്‍ഹി
ഗ്രൂപ്പ് ബി മത്സരങ്ങള്‍, രണ്ട് പ്രീക്വാര്‍ട്ടര്‍ (8)
ഗോവ
ഗ്രൂപ്പ് സി മത്സരങ്ങള്‍, രണ്ട് പ്രീക്വാര്‍ട്ടര്‍, ഒരു ക്വാര്‍ട്ടര്‍ (9)
കൊച്ചി
ഗ്രൂപ്പ് ഡി മത്സരങ്ങള്‍, പ്രീക്വാര്‍ട്ടറിലെ ഒരു മത്സരം, ക്വാര്‍ട്ടറിലെ ഒരു മത്സരംsthash.A4qJeYz7.dpuf