അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കഴിഞ്ഞ തവണത്തെ ചാന്പ്യൻമാരായ ഇന്ത്യയെ തോൽപിച്ച് കന്നി ഐസിസി കിരീടം സ്വന്തമാക്കിയ ബംഗ്ലാദേശ് താരങ്ങൾ മൈതാനത്ത് കാട്ടിക്കൂട്ടിയ സംഭവങ്ങൾ വിവാദമായി.
ഇന്ത്യൻ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ വിജയാഘോഷം. സംഭവത്തിൽ ഐസിസി അന്വേഷണം ഉണ്ടാകുമെന്ന് ഇന്ത്യൻ ടീം മാനേജർ അനിൽ പട്ടേൽ വ്യക്തമാക്കി. ബംഗ്ലാ താരങ്ങൾ കയ്യാങ്കളിക്ക് മുതിർന്നതോടെ രൂക്ഷമായ വാക്പോരുണ്ടായി. അംപയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല. എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഐസിസി പരിശോധിച്ച് നടപടിയെടുക്കും. മാച്ച് റഫറി ഗ്രേം ലബ്രോയ് മാപ്പു പറഞ്ഞു. സംഭവം ഐസിസി ഗൗരവമായി കാണുമെന്ന് അദ്ദേഹം അറിയിച്ചു- അനിൽ പട്ടേൽ പറഞ്ഞു.
ബംഗ്ല താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റമാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് മത്സരശേഷം വ്യക്തമാക്കിയിരുന്നു.എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല, എന്താണ് സംഭവിക്കുന്നത് എന്ന് ആരാഞ്ഞുമില്ല.
ഇതൊരു ഫൈനലാണെന്നും വൈകാരിക പ്രകടനങ്ങൾ ഉണ്ടാകുമെന്നും എല്ലാവർക്കുമറിയാം. യുവതാരങ്ങൾ എന്ന നിലയിൽ ഇത് സംഭവിക്കരുതായിരുന്നു. ഏത് ഘട്ടത്തിലും സാഹചര്യത്തിലും എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട്- ബംഗ്ലാദേശ് ക്യാപ്റ്റൻ അക്ബർ അലിയുടെ പ്രതികരണം ഇതായിരുന്നു.