പോചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ അനായാസം വീഴ്ത്തി ഇന്ത്യ ഫൈനലിൽ. പാക്കിസ്ഥാനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ കുട്ടികൾ ഫൈനലിൽ കടന്നത്. പാക്കിസ്ഥാൻ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ 88 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.
ഇന്ത്യയുടെ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (105) സെഞ്ചുറിയും ദിവ്യാന്‍ഷ് സക്സേനയ്ക്ക് (59) അര്‍ദ്ധസെഞ്ചുറിയും നേടി പുറത്താകാതെ നിന്നു.
113 പന്തിൽ എട്ട് ഫോറും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ലോകകപ്പിലെ കന്നി സെഞ്ചുറി കുറിച്ച യശസ്വിയുടെ ഇന്നിംഗ്സ്. 99 പന്തുകൾ നേരിട്ട് യശ്വസിക്ക് മികച്ച പിന്തുണ നൽകിയ ദിവ്യാന്‍ഷ് നാല് തവണ പന്ത് അതിർത്തി കടത്തി.
പാക്കിസ്ഥാന്റെ ആമിർ അലിയെ സിക്സറിന് പറത്തിയാണ് യശസ്വി സെഞ്ചുറി തികച്ചതും വിജയറൺ കുറിച്ചതും. ഈ ലോകകപ്പിൽ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് യശ്വസിയുടേത്. അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക് കുട്ടികളെ ഇന്ത്യ വരിഞ്ഞുമുറുക്കി. 8.1 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ശുശാന്ത് മിശ്രയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ കാർത്തിക് ത്യാഗിയും ബിഷ്നോയിയും പാക്കിസ്ഥാനെ ചെറിയ സ്കോറിലൊതുക്കി. യശസ്വി ജയ്സ്വാളും അങ്കോൽക്കറും ഓരോവിക്കറ്റ് വീതം വീഴ്ത്തി.
അർധ സെഞ്ചുറി നേടിയ ഓപ്പണർ ഹൈദർ അലിയും (56) റോഹെയ്ൽ നസീറും (62) മാത്രമാണ് പാക് നിരയിൽ തിളങ്ങിയത്. ഇവരെക്കൂടാതെ മുഹമ്മദ് ഹാരീസ് (21) മാത്രമാണ് രണ്ടക്കം കടന്നത്.