അഹമ്മദാബാദ്: ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേക്കു മാറ്റി.ശ്രീലങ്കൻ ക്രിക്കറ്റിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്താണു തീരുമാനം. ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ ക്രിക്കറ്റിനെ ഐസിസി സസ്പെൻഡ് ചെയ്തിരുന്നു.
വിലക്കുണ്ടെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റിനു സാധാരണപോലെ മുന്നോട്ടുപോകാം. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ശ്രീലങ്കയുടെ അണ്ടർ-19 ടീം പങ്കെടുക്കും. ജനുവരി 13 മുതൽ ഫെബ്രുവരി നാലു വരെ അണ്ടർ 19 ലോകകപ്പ് നടത്താനാണു നിശ്ചയിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലും ഈ സമയക്രമം പാലിക്കും.
അതേസമയം, എസ്എ20 (ട്വന്റി 20) ലീഗിന്റെ രണ്ടാം പതിപ്പ് നടക്കുന്നതും ഇതേ സമയത്താണ്. ട്വന്റി 20 ലീഗിന്റെ മേൽനോട്ടം ഒരു സ്വതന്ത്രബോഡി നടത്തുന്നതിനാൽ രണ്ടും സമാന്തരമായി കൊണ്ടുപോകാൻ കഴിയുമെന്നു ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) സിഇഒ പറഞ്ഞു.