ധാക്ക: ഏഷ്യയിൽ ഇന്ത്യയെ വെല്ലാൻ ആളില്ലെന്ന് തെളിയിച്ച് അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം കൗമാരനിര സ്വന്തമാക്കി. ആറാം തവണയാണ് ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് കിരീടം നേടുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സീനിയർ ടീം ഏഷ്യൻ കിരീടം നേടിയതിനു പിന്നാലെയാണ് കൗമാര താരങ്ങളും കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ തുടർച്ചയായ രണ്ട് ഏഷ്യൻ കിരീടങ്ങൾ ഇന്ത്യ ഈ വർഷം കരസ്ഥമാക്കി.
ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും ഏഷ്യയുടെ രാജാക്കന്മാരുമായി. അണ്ടർ 19 ഫൈനലിൽ ശ്രീലങ്കയെ 144 റണ്‍സിനു തകർത്തെറിഞ്ഞാണ് ഇന്ത്യൻ കൗമാര താരങ്ങൾ കിരീടം ചുണ്ടോടടുപ്പിച്ചത്. സ്കോർ: ഇന്ത്യ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 304. ശ്രീലങ്ക 38.4 ഓവറിൽ 160.
തോൽവി അറിയാതെയാണ് ഇന്ത്യൻ സംഘം ചാന്പ്യന്മാരായതെന്നതും ശ്രദ്ധേയം. ഗ്രൂപ്പ് എയിൽ മൂന്ന് ജയവുമായി ഒന്നാമതെത്തി സെമിയിൽ ഇടം നേടി. സെമിയിൽ ബംഗ്ലാദേശിനെ കീഴടക്കി ഫൈനലിലും. 1989, 2003, 2012, 2014, 2016 വർഷങ്ങളിലാണ് ഇന്ത്യ മുന്‍പ് അണ്ടർ 19 ഏഷ്യൻ കിരീടം നേടിയത്. രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ ഈ വർഷം അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയ ശേഷമാണ് ഇപ്പോഴത്തെ നേട്ടമെന്നതും ശ്രദ്ധേയം.
പത്ത് ഓവറിൽ 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഹർഷ് ത്യാഗിയാണ് മാൻ ഓഫ് ദ മാച്ച്. ത്യാഗിക്കൊപ്പം സിദ്ധാർഥ് ദേശായിയും (37 റണ്‍സിന് രണ്ട് വിക്കറ്റ്) നടത്തിയ സ്പിൻ ആക്രമണത്തിൽ ശ്രീലങ്ക തകരുകയായിരുന്നു. ലങ്കൻ ഇന്നിംഗ്സിൽ ഓപ്പണർ ഫെർണാണ്ടോ (49 റണ്‍സ്), പരണവിതാന (48 റണ്‍സ്), സൂര്യബന്ദാര (31 റണ്‍സ്), നിപുൻ ധനൻജയ പെരേര (12 റണ്‍സ്) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഇടംകൈ ഓർത്തഡോക്സ് സ്പിന്നർമാരായ ത്യാഗിയും ദേശായിയും ചേർന്ന് ലങ്കയുടെ ഇന്നിംഗ്സ് ഉഴുത് മറിക്കുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സിമ്രാൻ സിംഗിന്റെ തീരുമാനം അടിവരയിട്ട് ഓപ്പണർമാരായ യാഷ്സ്വി ജയ്സ്വാളും (85 റണ്‍സ്), അഞ്ജു റാവത്തും (57 റണ്‍സ്) ഒന്നാം വിക്കറ്റിൽ 25.1 ഓവറിൽ 121 റണ്‍സ് നേടി. മൂന്നാം നന്പറായി ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ 43 പന്തിൽ 31 റണ്‍സ് എടുത്ത് മടങ്ങി.
എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇക്ക് എതിരേ 121 റണ്‍സ് നേടിയിരുന്നു. കർണാടകയ്ക്കായി ആണ് ദേവ്ദത്ത് നിലവിൽ കളിക്കുന്നത്. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ സിമ്രാൻ സിംഗും (37 പന്തിൽ 65 നോട്ടൗട്ട്) ആയുഷ് ബഡോനിയും (28 പന്തിൽ 52 നോട്ടൗട്ട്) തകർത്തടിച്ചതോടെ ഇന്ത്യ 300 കടന്നു. 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവർ സ്ഥാപിച്ചത്.
ജയ്സ്വാൾ ആണ് പരന്പരയുടെ താരം. നാല് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ചുറി ഉൾപ്പെടെ 318 റണ്‍സ് ജയ്സ്വാൾ സ്വന്തമാക്കി.