ദുബായ്: എസിസി അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടത്തിൽ ഇന്ത്യയുടെ ഹാട്രിക് മുത്തം. 2021 ഫൈനലിൽ ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യൻ കൗമാരസംഘം ചാന്പ്യന്മാരായത്.
ഏഷ്യ കപ്പിൽ ഇന്ത്യ ചാന്പ്യന്മാരാകുന്നത് ഇത് എട്ടാം തവണയാണ്. ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജേതാക്കളായതും ഇന്ത്യതന്നെ. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. മഴയെത്തുടർന്ന് മത്സരം 38 ഓവറായി നിജപ്പെടുത്തി.
നിശ്ചിത ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 106 റണ്‍സ് എടുക്കാനേ അവർക്കു സാധിച്ചുള്ളൂ. ലങ്കയ്ക്കായി സദിഷ രാജപക്സെ (14), വാലറ്റക്കാരായ രവീണ് ഡി സിൽവ (15), യസിറു റോഡ്രിഗൊ (19 നോട്ടൗട്ട്), മതീഷ പതിരാന (14) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഇന്ത്യക്കായി വിക്കി 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
വീണ്ടും മഴയെത്തിയതോടെ ഇന്ത്യയുടെ ലക്ഷ്യം 32 ഓവറിൽ 102 റണ്‍സ് ആയി പുനർനിശ്ചയിച്ചു. എന്നാൽ, 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ ചാന്പ്യന്മാരായി.
ഇന്ത്യക്കായി അങ്ക്റിഷ് രഘുവൻഷി 67 പന്തിൽ 56 റണ്‍സുമായും ഷെയ്ഖ് റഷീദ് 49 പന്തിൽ 31 റണ്‍സുമായും പുറത്താകാതെ നിന്നു. ഹർനൂർ സിംഗിന്റെ (5) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.