വടക്കഞ്ചേരി: ഭൂഗർഭ വൈദ്യുതിലൈൻ നിർമാണത്തെ തുടർന്ന് തേനിടുക്കിൽ റോഡ് ചെളിക്കുളമായി മാറി. ദേശീയപാത തേനിടുക്കിൽനിന്നും പരുവാശേരി പോകുന്ന റോഡാണ് ചെളിയും മണ്ണുംനിറഞ്ഞ് കാൽനടയാത്രപോലും ദുസഹമായിട്ടുള്ളത്.
ഭൂഗർഭ വൈദ്യുതിലൈനിനായി കാന നിർമിക്കുന്പോൾ മണ്ണു മുഴുവൻ പാതയോരത്താണ് കൂട്ടുന്നത്. കനത്ത വേനൽമഴയിൽ ഈ മണ്ണെല്ലാം കുത്തിയൊഴുകി റോഡിലും സമീപത്തെ വീടുകളിലുമെത്തി വാഹനങ്ങൾ പോകുന്പോൾ ചെളിതെറിച്ച് വീടുകൾക്കുള്ളിലും മാലിന്യം നിറയുകയാണെന്നാണ് പരാതി.
നിർമാണത്തിലെ അപാകതമൂലം വൈദ്യുതിലൈൻ പ്രവൃത്തികൾക്കെതിരേ വ്യാപക പരാതി നേരത്തെയും ഉയർന്നിരുന്നു. നിർമാണത്തിലെ മെല്ലപ്പോക്കുമൂലം പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട സ്ഥിതിയുമുണ്ടായി. അനധികൃത പാറപൊട്ടിക്കലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
2020-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് മണ്ണുത്തി മാടക്കത്തറയിൽനിന്നും വടക്കഞ്ചേരിയിലേക്കുള്ള ഭൂഗർഭ വൈദ്യുതിലൈനിന്റെ നിർമാണം നടക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ ഭൂഗർഭ വൈദ്യുതിലൈൻ കൂടിയാണിത്.തമിഴ്നാട്ടിൽനിന്നും ടവർവഴി വടക്കഞ്ചേരിവരെ എത്തിനില്ക്കുന്ന വൈദ്യുതി പിന്നീട് വടക്കഞ്ചേരിയിൽനിന്നും മാടക്കത്തറയിലെത്തിക്കുന്നത് ഭൂമിക്കടിയിലൂടെയാണ്.