മട്ടന്നൂർ: കാലവർഷത്തിൽ വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനു ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു കെഎസ്ഇബി വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നു. കോടികൾ ചിലവിട്ടാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. ചാവശേരി 110 കെവി സബ് സ്റ്റേഷനിൽ നിന്നു പഴശി, മാലൂർ തോലമ്പ്ര സബ് സ്റ്റേഷനുകളിൽ വൈദ്യുതിയെത്തിക്കുന്നതിനാണ് 33 കെവിയുടെ കേബിൾ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നത്.
ചാവശേരി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സബ് സ്റ്റേഷൻ മുതൽ കോളാരി ജുമാ മസ്ജിദ് വരെയുള്ള 3.600 കിലോ മീറ്റർ ദൂരം വരെയാണ് ആദ്യഘട്ടത്തിൽ ഭൂമിക്കടിയിലൂടെ കേബിൾ വലിക്കുന്നത്. ഇതിനാവശ്യമായ കേബിൾ തമിഴ്നാട്ടിൽ നിന്നു കെഎസ്ഇബി ചാവശേരിയിലെത്തിച്ചു.
കാഞ്ഞിരോട്, പിണറായി സബ് സ്റ്റേഷനുകളിൽ നിന്നാണ് നിലവിൽ പഴശി, തോലമ്പ്ര സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. വൈദ്യുതി ലൈൻ വഴിയാണ് വൈദ്യുതി നൽകുന്നത്. മഴക്കാലത്ത് ലൈനിൽ മരം വീണും സാങ്കേതിക തകരാറും കാരണം വൈദ്യുതി വിതരണം തടസപെടാറുണ്ട്.
ഇത് ഒഴിവാക്കാനാണ് ഭൂമിക്കടിയിലൂടെ കേബിൾ വലിച്ചു പദ്ധതി നടപ്പിലാക്കുന്നത്. നിർമാണ പ്രവൃത്തി നടത്തുന്നതിനു കരാർ നൽകുന്ന നടപടി സ്വീകരിച്ചു വരികയാണ് കെഎസ്ഇബി. മട്ടന്നൂർ ടൗണിലും കേബിളിലൂടെ വൈദ്യുതിയെത്തിക്കുന്നതിനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. ചാവശേരി, പഴശി സബ് സ്റ്റേഷനുകളിൽനിന്നാണ് ഇതിനാവശ്യമായ വൈദ്യുതി ഉപയോഗിക്കുക.
ചാവശേരി സബ് സ്റ്റേഷൻ മുതൽ മട്ടന്നൂർ ടൗൺ വരെയും പഴശി സബ് സ്റ്റേഷൻമുതൽ ശിവപുരം വരെയും ഇടവേലിക്കൽ, ഇല്ലം മൂലവഴി മട്ടന്നൂർ ടൗൺ വരെയും കേബിൾസ്ഥാപിച്ചാണ് വൈദ്യുതി വിതരണം നടത്തുന്നത്. കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തിപൂർത്തിയാകുന്നതോടെ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് കെ എസ് ഇ ബി അധികൃതരുടെ പ്രതീക്ഷ.