യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഇനി കടലിനടിയിലൂടെ കുതിച്ചു പായാം;’അണ്ടര്‍ വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍’ ഇനി ഇന്ത്യയിലും

bullet600കടലിനടിയിലൂടെയുള്ള ട്രെയിന്‍ യാത്ര ഇനി ഇന്ത്യക്കാര്‍ക്കും ആസ്വദിക്കാം. ഇന്ത്യയിലും ‘അണ്ടര്‍ വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍’ വരാന്‍ പോകുകയാണ്. അറബിക്കടലിനടിയിലൂടെയായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. മുംബൈ- അഹമ്മദാബാദ് റെയില്‍ കോറിഡോറിന്റെ ഭാഗമായാണ് അണ്ടര്‍ വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നത്. 508 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം. താനെയ്ക്കും വിരാറിനും ഇടയിലുള്ള 21 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയുടെ ഭാഗമായാണ് 7 കിലോമീറ്റര്‍ ദൂരത്തില്‍ കടലിനടിയിലൂടെ ടണല്‍ നിര്‍മിക്കുന്നത്. എഴുപതു മീറ്റര്‍ ആഴത്തിലായിരിക്കും റെയില്‍വേ പാത വരുന്നത്. കടലിനടിയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങിക്കഴിഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ട്രാക്കുകള്‍ ഭൂമിയ്ക്കു മുകളിലൂടെയും അടിയിലൂടെയുമായാണ് നിര്‍മിക്കുന്നത്. ഇതിനാലാണ് താനെ മുതല്‍ വിരാര്‍ വരെ ഭൂഗര്‍ഭ പാതയ്ക്ക് പദ്ധതിയിടുന്നത്. കടലിനടിയില്‍ കൂടി നിര്‍മിക്കാനുദ്ദേശിക്കുന്ന ടണലിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. പദ്ധതി 2023ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി വരുന്നതോടെ താനെ-വിരാര്‍ റൂട്ടിലെ യാത്രാ സമയം ഏഴു മണിക്കൂറില്‍ നിന്ന് രണ്ടു മണിക്കൂറായി കുറയും. ജപ്പാന്റെ ധനസഹായത്തോടെയുള്ള പദ്ധതിയ്ക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി(ജെഐസിഎ)81 ശതമാനം പണം വായ്പയായി നല്‍കും. 0.1 പലിശ നിരക്കില്‍ 50 വര്‍ഷം കൊണ്ട് ഇന്ത്യ വായ്പ അടച്ചു തീര്‍ക്കണം. കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം പദ്ധതിയ്ക്കു വേണ്ടുന്ന സാങ്കേതിക സഹായം നല്‍കുന്നത് ജാപ്പനീസ് കമ്പനികളായിരിക്കും.

Related posts