മിർപൂർ: ചരിത്രം രചിച്ച് ഐസിസി ടൂർണമെന്റിൽ ആദ്യമായി ജേതാക്കളായി തിരിച്ചെത്തിയ ബംഗ്ലാദേശ് അണ്ടർ 19 ടീമിന് നാട്ടിൽ രാജകീയ വരവേല്പ്. ബുധനാഴ്ച വൈകിട്ടാണ് ടീം മിർപൂർ വിമാനത്താവളത്തിൽ എത്തിയത്. ലോക ജേതാക്കളെ സ്വീകരിക്കാൻ ആരാധകരുടെ വൻ പടയാണ് വിമാനത്താവളത്തിന് പുറത്തു കാത്തുനിന്നത്.
ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്. ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ചരിത്രം രചിച്ച താരങ്ങൾ എത്തിയതോടെ വിമാനത്താവളത്തിനുള്ളിലും ആളുകൾ സെൽഫി എടുക്കാനും അഭിനന്ദനങ്ങൾ അറിയിക്കാനും തിരക്കുകൂട്ടി.
ക്യാപ്റ്റൻ അക്ബർ അലി വളരെ പണിപ്പെട്ടാണ് വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ കാത്തുനിന്ന പിതാവിന്റെ അടുത്തെത്തിയത്. ജേതാക്കളുടെ വരവറിഞ്ഞ് വൻ മാധ്യമപടയും വിമാനത്താവളത്തിലുണ്ടായിരുന്നു.
വിമാനത്താവളത്തിലെ സ്വീകരണങ്ങൾക്ക് ശേഷം ടീം ബസിൽ ജേതാക്കൾ നഗരം ചുറ്റി. മിർപൂറിന്റെ തെരുവുകളുടെ വശങ്ങളിലെല്ലാം ആരാധകർ കളംപിടിച്ചിരുന്നു. പൂക്കളും വർണക്കടലാസുകളും താരങ്ങൾക്ക് മേൽ ചൊരിഞ്ഞാണ് ആരാധകർ സന്തോഷം പ്രകടിപ്പിച്ചത്.
നഗരംചുറ്റിയ ശേഷം ടീം മിർപൂർ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ എത്തി. ഇവിടെയും ആരാധകരുടെ വൻപട ലോക ജേതാക്കളെ കാണാൻ എത്തിയിരുന്നു. ആഘോഷങ്ങൾക്ക് ശേഷം ടീം കഴിഞ്ഞ രാത്രി ബംഗ്ലാദേശ് ക്രിക്കറ്റ് അക്കാഡമിയിലാണ് തങ്ങിയത്. ഇന്ന് രാവിലെ എല്ലാവരും വീട്ടിലെ സന്തോഷത്തിലേക്ക് നടന്നുകയറി.