മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ സീനിയറെന്നോ ജൂണിയറെന്നോ വ്യത്യാസമില്ലാതെ എക്കാലവും ആവേശവും പ്രതീക്ഷയും ഉയര്‍ത്തുന്ന ടീമാണ് ബ്രസീല്‍. ഫുട്ബോള്‍ ആരാധകരുടെ എക്കാലത്തെയും ഫേവറിറ്റ് ടീമാണ് ബ്രസീല്‍. അതുകൊണ്ടുതന്നെ ഇന്ത്യ ആദ്യമായി ഒരു ഫിഫ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിലെ കിരീട സാധ്യത ഏറ്റവുമധികമുള്ള ടീമുമാണ് ബ്രസീല്‍. മലയാളികൾക്കും ബ്രസീലിന്റെ മത്സരങ്ങൾ കാണാൻ അവസരമൊരുങ്ങും. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിലാണ് അരങ്ങേറുന്നത്.
ലോകകപ്പില്‍ ഇതുവരെ
ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ശക്തമായ ടീമുകളിലൊന്നാണ് എക്കാലവും ബ്രസീല്‍. 1985ലാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിനു തുടമാകുന്നത്. ആദ്യ ലോകകപ്പിൽ ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. ഇതുവരെ നടന്ന ലോകകപ്പുകളില്‍ ഒരു തവണമാത്രമാണ് ബ്രസീലിനു യോഗ്യത നേടാനാവാതെ പോയത്. 1993ല്‍ ജപ്പാനില്‍ നടന്ന ലോകകപ്പായിരുന്നു അത്. 1997, 1999, 2003 വര്‍ഷങ്ങളില്‍ കാനറികള്‍ക്കായിരുന്നു കിരീടം. 1995ലും 2005ലും റണ്ണേഴ്സ് അപ്പായിരുന്നു.
1985ല്‍ മൂന്നാം സ്ഥാനവും 2011ല്‍ നാലാം സ്ഥാനവുമായിരുന്നു. ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിന്റെ ആധിപത്യമാണ്. ഇവിടെ 12 കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം അണ്ടര്‍ 17 ലോകകപ്പ് നേടിയിട്ട് 14 വര്‍ഷമായി. ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ്. 2015ലും ബ്രസീലായിരുന്നു ജേതാക്കള്‍. ഈ ടൂര്‍ണമെന്റിനും 1985ലാണ് തുടക്കമായത്.
ഇന്ത്യയിലേക്കുള്ള വഴി
ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 കിരീടത്തിലേക്കുള്ള വഴിയില്‍ ബ്രസീല്‍ തോല്‍വി അറിഞ്ഞിട്ടേയില്ല. ഏഴു കളിയില്‍ ജയം, രണ്ടെണ്ണത്തില്‍ സമനില. നേടിയ ഗോളുകളുടെ എണ്ണം നോക്കിയാല്‍ അവരുടെ ആധിപത്യം മനസിലാകും. 24 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് വെറും മൂന്നു ഗോള്‍. ബ്രസീലിന്റെ പുതിയ കൗമാര വിസ്മയം വിനീഷ്യസ് ജൂണിയര്‍ ഏഴു ഗോള്‍ നേടി ടോപ് സ്കോററായി. കൂടുതല്‍ അസിസ്റ്റ് ബ്രസീലിന്റെ അലന്റെ പേരിലാണ്. അഞ്ച് അസിസ്റ്റ് അലന് ഒരുക്കി. ടൂര്‍ണമെന്റില്‍ ബ്രസീലിനു ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ആതിഥേയരായ ചിലിയെ 5-0ന് പരാജയപ്പെടുത്തി കിരീടം നേടി. ഗോള്‍ നേടുന്നതിലും അലന് മിടുക്കനാണ്. ചിലിക്കെതിരേ ഹാട്രിക്ക് നേടി. ഏഴു ക്ലീന്ഷീറ്റുകളായിരുന്നു ടൂര്‍ണമെന്റില്‍ ബ്രസീലിന്.
പരിശീലകന്
ബ്രസീല്‍ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായി കാര്‍ലോസ് അമാഡു 2015 മേയില്‍ ചുമതലയേറ്റു. 2015ല്‍ ചിലിയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇദ്ദേഹത്തിന്റെ കീഴിലാണ് ബ്രസീല്‍ കളിച്ചത്. ആ ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ നൈജീരിയയോടു തോറ്റു പുറത്തായി.
ആക്രമണ ഫുട്ബോളാണ് തന്റെ ശൈലിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുവ ടീമിനെ പരിശീലിപ്പിച്ച് വളരെ പരിചയസമ്പത്തുള്ള പരിശീലകനാണ് അമാഡു. ബ്രസീലിയിന്‍ ക്ലബ് വിറ്റോറിയയുടെ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായി. 2012ലെ ചാമ്പ്യന്മാരാക്കുകയും 2014ല്‍ റണ്ണേഴ്സ് അപ്പാക്കുകയും ചെയ്തു. ഈ മികവാണ് ദേശീയ ടീമിന്റെ പരിശീലകനാക്കുന്നതിലെത്തിച്ചത്. അമാഡുവിന്റെ കീഴില്‍ ബ്രസീല്‍ തങ്ങളുടെ ക്ലാസിക് ശൈലിയിലാണ് കളിക്കുന്നത്. ആക്രമണ ഫുട്ബോള്‍, വേഗത്തിലുള്ള നീക്കം, വേഗം, മികവ്, വ്യക്തിപരമായ കളി എന്നിവയെല്ലാം ഈ ടീമിന്റെ പ്രത്യേകതയാണ്.
ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ടൂര്‍ണമെന്റിലെയും പ്രകടനം 1970ലെയും 1982ലും ബ്രസീല്‍ സീനിയര്‍ ടീമിന്റെ കേളിശൈലിയോടാണ് ഉപമിച്ചത്. മനോഹരമായ കളി (ജോഗോ ബൊനീറ്റോ) എന്നറിയപ്പെടുന്ന ശൈലിയിലായിരുന്നു ടൂര്‍ണമെന്റില്‍ കൗമാര സംഘത്തിന്റെ പ്രകടനം.
ശ്രദ്ധിക്കേണ്ടവര്‍
വിനീഷ്യസ് ജൂണിയറെന്ന കൗമാരതാരമാണ് ഇതില്‍ പ്രമുഖന്. ഫ്ളെമെംഗോയുടെ താരമായ വിനീഷ്യസിന്റെ പ്രതിഭ മനസിലാക്കിയ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ താരത്തെ സ്വന്തമാക്കാന്‍ വന്‍ തുകയുമായെത്തി. അവസാനം റയല്‍ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കി.
പാല്‍മിറസിന്റെ ഡിഫന്‍ഡര്‍ ലുകാസ് ഒലിവേര, സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ ഗുസ്താവോ ഹെൻറിക്, ഫ്ളെമെംഗോയുടെ സ്ട്രൈക്കര്‍ ലിങ്കണ് എന്നിവരും പ്രധാനികളാണ്. വിനീഷ്യസിന്റെ തന്ത്രം, ഡ്രിബ്ലിംഗിലെ കഴിവ്, ഗോളിനുള്ള നോട്ടം എന്നിവയെല്ലാമാണ് യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് താരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഇന്ത്യയിലെത്തുന്ന യുവ ടീമുകളില്‍ ഏറ്റവും വിലയേറിയ താരമാണ് വിനീഷ്യസ്. അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും ആ താരത്തിലായിരിക്കും.