ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ വന്‍ വില കിട്ടിയ ഇന്ത്യയുടെ യുവ സംഘം ഇന്ന് ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിൽ പാക്കിസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു തോല്‍വി പോലും അറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ സെമി ഫൈനല്‍ വരെയെത്തിയത്. മൂന്നു തവണ ജേതാക്കളായ ഇന്ത്യ ഇതുവരെ യഥാര്‍ഥ ചാമ്പ്യന്മാര്ക്കു ചേര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്.
ഗ്രൂപ്പ് മത്സരം മുതല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ വരെ. രണ്ടു തവണ കുട്ടി ക്രിക്കറ്റില്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാന് അത്ര അനായാസമായിരുന്നില്ല കാര്യങ്ങള്‍. ആദ്യ മത്സരത്തില്‍ തന്നെ അഫ്ഗാനിസ്ഥാനോടു തോറ്റു. അവസാന രണ്ടു മത്സരങ്ങളില്‍ ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും പാക്കിസ്ഥാന് കഷ്ടിച്ചു ജയിക്കുകയായിരുന്നു. വേഗമേറിയ പന്തുകളുമായി എതിരാളികളെ വിറപ്പിക്കുന്ന കമലേഷ് നാഗര്‍കോട്ടി-ഷഹീന് അഫ്രിദി പോരാട്ടത്തിനാകും മത്സരം വേദിയൊരുക്കുക.
ബൗളിംഗിലാണ് പാക്കിസ്ഥാന്റെ കരുത്ത്. ഇടങ്കയ്യന്‍ പേസര്‍ ഷഹീന് അഫ്രീദി നയിക്കുന്ന ബൗളിംഗ് മികവ് പുലര്‍ത്തുന്നു. എന്നാല്‍ ബാറ്റിംഗിന്റെ കാര്യത്തില്‍ ടീം അത്ര നല്ല നിലയിലല്ല. മധ്യനിരയില്‍ അലി സര്യാബ് ആസിഫ് കാണിക്കുന്ന ബാറ്റിംഗ് മികവാണ് പാക്കിസ്ഥാനെ പലപ്പോഴും രക്ഷിക്കുന്നത്. ടീം കടുത്ത സമ്മര്‍ദം നേരിട്ട മത്സരങ്ങളില്‍ ശ്രീലങ്കയ്ക്കെതിരേ 59 റണ്‍സും ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 74 റണ്‍സും ആസിഫ് നേടി.
ഇന്ത്യയുടെ നിരയിലെ പേസര്‍മാരായ കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും വേഗമേറിയ പന്തുകളുമായി എതിരാളികളെ വിറപ്പിക്കാന്‍ കഴിവുള്ളവരാണ്. ഇരുവരും കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികളെ എറിഞ്ഞിടുകയും ചെയ്തു.
ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തോടെയാകും ഇന്നിറങ്ങുക. ഫ്രാഞ്ചൈസികള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസം തെറ്റല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും പൃഥ്വി ഷാ നയിക്കുന്ന സംഘത്തിനുണ്ട്. ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് ഇവര്‍ക്ക് ലേലത്തില്‍ വന്‍ തുക നല്‍കിയത്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 3.2 കോടി രൂപയ്ക്ക് നാഗര്‍കോട്ടിയെയും മൂന്നു കോടി രൂപയ്ക്ക് മാവിയെയും സ്വന്തമാക്കി. ഇടങ്കയ്യന്‍ സ്പിന്നര്‍മാരായ അങ്കുല്‍ റോയിയെ മുംബൈ ഇന്ത്യന്‍സ് 20 ലക്ഷം രൂപയ്ക്കും അഭിഷേക് ശര്‍മയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 55 ലക്ഷം രൂപയ്ക്കും സ്വന്തമാക്കി. ബാറ്റിംഗിലെ പ്രമുഖരായ നായകന് പൃഥ്വി ഷായും ശുഭ്മാന്‍ ഗിലും ഐപിഎല്‍ ടീമുകളുടെ ഇഷ്ടതാരങ്ങളാണ്.
ഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ 86 റണ്‍സ് നേടി വിജയ ശില്പിയായി. 239 റണ്‍സുമായി ഗില്ലാണ് ഇന്ത്യന്‍ ടീമിലെ ഉയര്‍ന്ന റണ്‍സ് നേട്ടക്കാരന്‍. 1.8 കോടി രൂപയ്ക്ക് ഗില്ലിനെ കോല്‍ക്കത്ത സ്വന്തമാക്കിയപ്പോല്‍ ഷായെ 1.2 കോടി രൂപയ്ക്ക് മുംബൈയും നേടി. ഷായുടെ ഓപ്പണിംഗ് പങ്കാളി മന്‍ജോത് കാല്റയെ 20 ലക്ഷം രൂപയ്ക്ക് ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. ലേലത്തിന്റെ കാര്യമെല്ലാം വിട്ട് ഈ താരങ്ങളെല്ലാം അവരുടെ പ്രധാന കര്‍ത്തവ്യത്തിലേക്കു കടക്കേണ്ടതുണ്ട്. പരിശീലകന് ദ്രാവിഡ് ഇക്കാര്യം പറഞ്ഞിരുന്നു. ലേലം എല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്. എന്നാല്‍ ലോകകപ്പില്‍ കളിക്കാന്‍ അവസരം എപ്പോഴും ലഭിക്കാറില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
ഇന്ത്യയുടെ ബാറ്റ്സ്മാന്മാര് അഫ്രീദിയുടെ പന്തുകളെ ശ്രദ്ധയോടെ കാണണം. നാലു മത്സരങ്ങളില്‍ 10.21 ശരാശരിയില്‍ 11 വിക്കറ്റ് വീഴ്ത്തി. പിച്ച് പാക്കിസ്ഥാന് പരിചിതമാണ്. അവരുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലിലാണ് നടന്നത്. ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ക്വീന്‍സ്ടൗണിലും.
ഹെഡ് ടു ഹെഡ്
അണ്ടര്‍ 19 തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 21 തവണ ഏറ്റുമുട്ടി. ഇതില്‍ ഇന്ത്യക്കാണ് വിജയത്തിന്റെ റിക്കാര്‍ഡ് കൂടുതല്‍. 12 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ എട്ടെണ്ണത്തില്‍ പാക്കിസ്ഥാന് ജയിച്ചു. ഒരു മത്സരം സമനിലയായി. 2014ലാണ് അടുത്തകാലത്ത് അണ്ടര്‍ 19 ലോകകപ്പില്‍ ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യ ജയിച്ചു.