ലോകക്രിക്കറ്റിലെ നാളത്തെ താരങ്ങളുടെ ആദ്യപരീക്ഷണക്കളരിയാണ് അണ്ടർ 19 ലോകകപ്പ്. വീണ്ടുമൊരു ലോകകപ്പിനു കൂടി ന്യൂസിലൻഡിൽ അരങ്ങുണരുകയാണ്. കഴിഞ്ഞ തവണ ചുണ്ടിനരികെ നഷ്ടമായ ലോക കിരീടം ഇത്തവണ എന്തു വിലയും കൊടുത്ത് വീണ്ടെടുക്കാനുറച്ചാണ് ടീം ഇന്ത്യയുടെ പയ്യന്മാർ കിവിനാട്ടിൽ എത്തിയിരിക്കുന്നത്. രാഹുൽ ദ്രാവിഡാണ് പരിശീലകൻ.
2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ വിൻഡീസ് ടൂർണമെന്റിലെ അവസാന ഓവറിൽ ഇന്ത്യയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. ജനുവരി 13ന് ടൂർണമെന്റിന് തിരശീലയുയരുന്പോൾ ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് പ്രേമികൾ സ്വപ്നം കാണുന്നത് ഒരു ലോക കിരീടം തന്നെയാവും.
ജനുവരി 14ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇരുടീമുകളെയും കൂടാതെ പാപ്പുവാ ന്യൂഗിനിയ, സിംബാബ്വെ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ മാറ്റുരയ്ക്കുക. ഇന്ത്യ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2000, 2008, 2012 വർഷങ്ങളിലാണ് ഇന്ത്യൻ യുവനിര ചാന്പ്യന്മാരായത്. 2006ലും 2016ലും റണ്ണറപ്പുമായി. 2000ൽ ശ്രീലങ്കയിൽ നടന്ന ടൂർണമെന്റിൽ മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലിറങ്ങിയ ടീമാണ് ആദ്യമായി അണ്ടർ 19 കിരീടം ഇന്ത്യയിലെത്തിച്ചത്.
ആ കിരീടനേട്ടത്തിനു ശേഷം വീണ്ടുമൊരു ഫൈനലിനായി ഇന്ത്യക്ക് ആറു വർഷം കാത്തിരിക്കേണ്ടിവന്നു. 2008ൽ മലേഷ്യയിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യയെ നയിച്ചത് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിളിപ്പേരുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയായിരുന്നു.
ഫൈനലിലെ കടുത്ത പോരാട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ച് നീലപ്പട തങ്ങളുടെ രണ്ടാം അണ്ടർ 19 ലോകകപ്പ് കിരീടമണിഞ്ഞു. അന്നത്തെ ടീമിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, സൗരഭ് തിവാരി, അഭിനവ് മുകുന്ദ് തുടങ്ങിയവർ പിന്നീട് സീനിയർ ടീമിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു.
ഇത്തവണ ക്യാപ്റ്റൻ പൃഥി ഷായുടെ മിന്നുന്ന ഫോമാണ് ഇന്ത്യക്ക് കിരീടപ്രതീക്ഷ നൽകുന്ന ഏറ്റവും വലിയ ഘടകം. കഴിഞ്ഞു പോയ രഞ്ജി സീസണിൽ മുംബൈക്കായി തകർപ്പൻ പ്രകടനമാണ് ഈ പതിനെട്ടുകാരൻ കാഴ്ചവച്ചത്. വൈസ് ക്യാപ്റ്റൻ ഷുബ്മാൻ ഗിൽ, ഓൾറൗണ്ടർ ഹിമാൻഷു റാണ, രാഹുൽ ചാഹർ, ആര്യൻ ജുയൽ, അഭിഷേക് ശർമ തുടങ്ങിയവരും മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുന്നവരാണ്.
ടീം: പൃഥി ഷാ (ക്യാപ്റ്റൻ), ഷുബ്മാൻ ഗിൽ, ഹിമാൻഷു റാണ, അഭിഷേക് ശർമ, റിയാൻ പരാഗ്, ആര്യൻ ജൂയൽ (വിക്കറ്റ് കീപ്പർ), ഹാർവിക് ദേശായി (വിക്കറ്റ് കീപ്പർ), ശിവം മാവി, കമലേഷ് നാഗർകോത്തി, ഇഷാൻ പൊറെൽ, അർഷ്ദീപ് സിംഗ്, അനുകുൽ റോയ്, ശിവ സിംഗ്, പങ്കജ് യാദവ്.
അജിത്ത് ജി. നായർ