മനുഷ്യര്‍ക്ക് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗുഹയുടെ സൂചനകള്‍ ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ കണ്ടെത്തിയതായി ശാസ്ത്രലോകം. നീല്‍ ആംസ്ട്രോങ് ഇറങ്ങിയ ഇടത്തിന് സമീപമാണ് ഗുഹ കണ്ടെത്തിയത്. അപ്പോളോ 11 ലാന്‍ഡ് ചെയ്ത സ്ഥലത്ത് നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.
ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ നാസയുടെ ലൂണാര്‍ റികനൈസന്‍സ് ഓര്‍ബിറ്ററാണ് ശേഖരിച്ചത്. ചന്ദ്രനില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കുഴിയില്‍ നിന്ന് ഈ ഗുഹയിലേക്ക് പ്രവേശിക്കാന്‍ കഴിയും.
45 മീറ്റര്‍ വീതിയും 80 മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ ‘പ്രശാന്ത സമുദ്രം’ എന്നറിയപ്പെടുന്ന സ്ഥലത്തിന് സമീപമാണ്. 14 ടെന്നീസ് കോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിസ്തൃതിയുണ്ട് ഗുഹയ്ക്ക്.
ചന്ദ്രനിലെത്തുന്നവര്‍ക്ക് അവിടത്തെ പ്രതികൂല കാലാവസ്ഥകളില്‍ നിന്ന് രക്ഷ നല്കാന് കഴിയുന്ന ഇടമാവാന്‍ ഈ ഗുഹയ്ക്ക് കഴിയുമെന്ന് ഇറ്റലിയിലെ ട്രെന്റോ സര്‍വകലാശാലയിലെ ലൊറെന്‍സോ ബ്രുസോണ്‍ പറയുന്നു. ശൂന്യമായ ലാവ ട്യൂബ് ആണ് ഈ ഗുഹ എന്നും അദ്ദേഹം അനുമാനിക്കുന്നു.