അലി ബുദേഷും സംഘവും പ്രശസ്തരായ പലരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. വലിയ സന്പന്നരെയും അനധികൃതമായ മാര്‍ഗത്തിലൂടെ പണം സന്പാദിക്കുന്നവരെയും കണ്ടുപിടിച്ചാണ് അവര്‍ കോടികള്‍ ഹഫ്തയായി ആവശ്യപ്പെട്ടിരുന്നത്.
ചിലരൊക്കെ ഭയപ്പെട്ടു പണം നല്‍കുമായിരുന്നു. ഹഫ്ത നല്‍കാത്തവരെ കൊലപ്പെടുത്തുന്നതിലോ ആക്രമിക്കുന്നതിലോ ഇയാള്‍ മടി കാണിച്ചിരുന്നില്ല.
ഇതു മറ്റുള്ളവരില്‍ ഭീതി വിതയ്ക്കാനുള്ള തന്ത്രം കൂടിയായിരുന്നു.
ബോളിവുഡ് നിര്‍മാതാക്കള്‍, വജ്ര വ്യാപാരികള്‍, വന്‍കിട ബിസിനസുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെയെല്ലാം ബുദേഷ് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ കൊള്ളയടിക്കല്‍ റാക്കറ്റിന് ഏറ്റവും കൂടുതല്‍ ‘സംഭാവന” നല്‍കിയത് എല്ലായ്‌പ്പോഴും ബോളിവുഡ് സിനിമാ പ്രവര്‍ത്തകരായിരുന്നു.
സംവിധായകനെയും വെടിവച്ചു
2000 ജനുവരി 21ന് സാന്താക്രൂസ് വെസ്റ്റിലെ തിലക് റോഡിലുള്ള ഓഫീസിനു സമീപം ബോളിവുഡ് സംവിധായകനും സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ അച്ഛനുമായ രാകേഷ് റോഷനെ ബുദേഷ് സംഘം വെടിവച്ചു.
അക്രമികള്‍ ഉതിര്‍ത്ത രണ്ടു വെടിയുണ്ടകളില്‍ ഒന്ന് രാകേഷിന്റെ ഇടതുകൈയില്‍ തട്ടി. മറ്റൊന്നു നെഞ്ചിലും. സംവിധായകന്‍ നിലത്തു വീഴുമ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
കൃഷ്, കോയി മില്‍ഗയ, കഹോനാ പ്യാര്‍ ഹേ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രാകേഷ്.
സുനില്‍ ഗെയ്ക്വാദ്, സച്ചിന്‍ കാംബ്ലെ എന്നിവരാണ് അക്രമികളെന്നും ഇവര്‍ക്കു ബുദേഷ് സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് പിന്നീടു കണ്ടെത്തി.
വലിയ സാന്പത്തിക വിജയം നേടിയ കഹോനാ പ്യാര്‍ ഹേ എന്ന ചിത്രത്തിന്റെ വിദേശ വില്‍പ്പനയുമായി ബന്ധപ്പെട്ടു ലാഭത്തിന്റെ ഒരു ശതമാനം റോഷനോടു ബുദേഷ് ആവശ്യപ്പെട്ടിരുന്നു.
ഇതു നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ബുദേഷ് റോഷനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഭാഗ്യം കൊണ്ടു രാകേഷിനു ജീവന്‍ നഷ്ടമായില്ല. ബോളിവുഡിലെ പ്രമുഖരായ മഹേഷ് ഭട്ട്, ബോണി കപൂര്‍ തുടങ്ങിയവരെയും ബുദേഷ് പണത്തിനായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
എംഎല്‍എമാര്‍ക്കും ഭീഷണി
2018 മേയില്‍ ഉത്തര്‍പ്രദേശിലെ 12 എംഎല്‍എമാരെ പണത്തിനായി ഭീഷണിപ്പെടുത്തിയതിനു പിന്നില്‍ അലി ബുദേഷ് സംഘമാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്.
15 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നല്‍കാത്ത പക്ഷം കുടുംബത്തെ കൊല്ലുമെന്നു ഭീഷണി മുഴക്കി. വാട്‌സ്ആപ്പ് വഴിയായിരുന്നു എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയത്.
അലി ബുദേഷിന്റെ പേരിലാണ് വാട്‌സ്ആപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. യുഎസിലെ ടെക്‌സാസില്‍നിന്നാണ് സന്ദേശം വന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും ഇപ്പോഴും ഈ ഭീഷണിക്കുപിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല.
എന്നാല്‍, തന്റെ പേരില്‍ ദാവൂദ് സംഘമാണു ഭീഷണിപ്പെടുത്തലിനു പിന്നിലെന്നാണ് അലി ബുദേഷ് ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഒരു എംഎല്‍എയെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്റെ പേരില്‍ ഇന്ത്യയില്‍ കൊള്ളയടിക്കാന്‍ ശ്രമം നടക്കുന്നതായും ബഹ്‌റൈനിലിരുന്നു ബുദേഷ് പറഞ്ഞു.
ഇതിനു പിന്നില്‍ ദാവൂദ് സംഘമാണെന്നും ഛോട്ടാ ഷക്കീലാണ് ദാവൂദിനു വേണ്ടി എന്റെ പേര് ഉപയോഗിച്ചു തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു അലിയുടെ ഭാഷ്യം.
തയാറാക്കിയത്: എൻ.എം