പരിക്കേറ്റവര്‍ക്കുള്ള 50000 വാങ്ങാന്‍ എത്തുന്നത് മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍; യഥാര്‍ഥ ദുരിതബാധിതര്‍ക്ക് നക്കാപ്പിച്ച കിട്ടുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷങ്ങള്‍ അടിച്ചെടുക്കാന്‍ തട്ടിപ്പുകാര്‍…

ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം തട്ടാന്‍ വ്യാപകശ്രമം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ദുരിതത്തില്‍ പെട്ടവര്‍ക്ക് പിണറായി സര്‍ക്കാര്‍ വായ്പയില്ലാതെ ഒരു ലക്ഷവും കൊടുത്തിട്ടുണ്ട്. വീട് പൂര്‍ണ്ണമായും നഷ്ടമായവര്‍ക്ക് 5 ലക്ഷം രൂപ വരെ സഹായം കിട്ടും. എന്നാല്‍ ഈ സഹായം ലഭിക്കുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും. ഇതു മുതലെടുത്താണ് തട്ടിപ്പുകാര്‍ ചരടുവലി നടത്തുന്നത്.

ഇത് നേരത്തെ അറിയാവുന്ന പലരും ഒന്നും നഷ്ടപ്പെടാതിരുന്നിട്ടും ദുരിതാശ്വാസ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്തതോടെ നഷ്ടം യഥാര്‍ഥ ദുരിതബാധിതര്‍ക്കു മാത്രമാണ്. അടിയന്തിര സഹായമായി സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിച്ച 10000രൂപ കിട്ടിയവരില്‍ അധികവും അനര്‍ഹരാണ്. ഉള്ള രേഖകളെല്ലാം വെള്ളം കയറിപ്പോയതിനാല്‍ അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടിയതുമില്ല. മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ പോലും വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി കളത്തിലുണ്ട്. പ്രാദേശിക നേതാക്കളുടെ പിന്തുണയാണ് ഇത്തരക്കാരുടെ ശക്തി.

മണ്ണിടിച്ചിലില്‍ യാതൊരു നാശനഷ്ടവുമില്ലാത്ത വീടിന്റെ ഉടമസ്ഥന് 5.79അഞ്ചു ലക്ഷം രൂപ അനുവദിക്കാനുള്ള ശിപാര്‍ശ വന്നതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിയില്‍ വന്നത്. ഇതിനു സമാനമായി മറ്റൊരു വീടിന് 3.47 ലക്ഷം നല്‍കാനുള്ള തീരുമാനവും വിവാദമായി. പഞ്ചായത്തിലെ സര്‍വ്വേയര്‍മാര്‍ വിചാരിച്ചാല്‍ ആര്‍ക്കും നഷ്ടപരിഹാരം കിട്ടുമെന്ന സ്ഥിതിയാണുള്ളത്. നഷ്ടക്കണക്കു പരിശോധിക്കാന്‍ ആരും എത്താറുമില്ലയെന്നതാണ് വാസ്തവം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നു മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും പ്രളയത്തില്‍ വീടുകള്‍ക്കു കേടുപാടുണ്ടായവരുടെ പട്ടിക തയാറാക്കാന്‍ ഇനിയും പ്രശ്‌നങ്ങള്‍ ഏറെയാണ്. അനര്‍ഹരെ പട്ടികയില്‍ തിരുകിക്കയറ്റാന്‍ നടത്തുന്ന നീക്കങ്ങള്‍ പലയിടത്തും വലിയ തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. സിപിഎം ഇടപെടലിനെതിരെയാണ് പ്രതിഷേധം. പാര്‍ട്ടി നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ ജില്ലാ – പ്രാദേശിക നേതാക്കള്‍ നടത്തുന്ന ഇടപെടലിനെതിരെ പല വില്ലേജ് ഓഫിസര്‍മാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ വിവര ശേഖരണത്തിനു വില്ലേജ് ഓഫിസര്‍മാരെ സഹായിക്കാനെന്ന പേരില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്തംഗങ്ങള്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ എന്നിവരെക്കൂടി ചുമതലപ്പെടുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. അപ്പോഴും പ്രശ്‌നം തീരില്ല. അതാത് ലോക്കല്‍ സെക്രട്ടറിമാര്‍ എല്ലാത്തിലും ഇടപെടുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയക്കാരുടെ മിത്രങ്ങള്‍ എല്ലായിടത്തും കയറിക്കൂടുകയാണ്.

അടിയന്തര സഹായമായി നല്‍കുന്ന 10000 രൂപയ്ക്ക് അര്‍ഹരായവരുടെ ലിസ്റ്റ് വെട്ടിത്തിരുത്തി പലയിടത്തും സിപിഎം നേതാക്കള്‍ അനര്‍ഹരെ തിരുകിക്കയറ്റുന്നുണ്ടെന്നാണ് ആരോപണം.ദുരിതാശ്വാസ ക്യാമ്പിലെ ലിസ്റ്റ് പോലും വെട്ടിതിരുത്തിയതായി പരാതിയുണ്ട്. അനര്‍ഹര്‍ക്കു സഹായം നല്‍കിയെന്നു കണ്ടെത്തിയാല്‍ അതു നിയമക്കുരുക്കും ബാധ്യതയുമാകുമെന്നു കണ്ട് ഇത് അംഗീകരിക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ തയാറാകുന്നില്ല.

ഇതേച്ചൊല്ലി, കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ ഭാരവാഹി കൂടിയായ വില്ലേജ് ഓഫിസര്‍ക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി തട്ടിക്കയറിയ സംഭവവുമുണ്ടായി. ദുരിതാശ്വാസ ക്യാംപുകളിലേക്കു കലക്ടറേറ്റുകളിലെയും താലൂക്ക് ഓഫിസുകളിലെയും കളക്ഷന്‍ സെന്ററുകളില്‍ നിന്നു നല്‍കിയ സാധനങ്ങള്‍ പാര്‍ട്ടി ചിഹ്നം പതിപ്പിച്ച ചാക്കുകളിലേക്കു മാറ്റി പാര്‍ട്ടി കൊടി കെട്ടിയ വാഹനങ്ങളില്‍ കൊണ്ടുപോയി വിതരണം ചെയ്ത സംഭവങ്ങളും നടന്നിരുന്നു. വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനായി അനര്‍ഹരെ ഉള്‍പ്പെടുത്തി ജംബോ ലിസ്റ്റ് തയാറാക്കിയാണ് പണം തട്ടല്‍. കുന്നിന്‍ മുകളിലെ വീടുകളില്‍ വെള്ളം കയറിയെന്ന് എഴുതിച്ചേര്‍ത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസത്തുക നല്‍കിയതായി പോലും പരാതിയുണ്ട്.

പരാതികളില്ലാതിരിക്കാന്‍ വമ്പന്‍ ലിസ്റ്റ് തയ്യാറാക്കിയതോടെയാണ്. അനവധി അനര്‍ഹരെ തിരുകിക്കയറ്റിയത്.എന്നാല്‍ ഇതിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ വെള്ളം കയറിയ വീടുകളുടെ ലിസ്റ്റ് തയാറാക്കാന്‍ വില്ലേജ് ഓഫിസര്‍മാരോട് ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസര്‍മാര്‍ തയാറാക്കിയ ലിസ്റ്റില്‍ പിന്നീടു നേതാക്കള്‍ തിരുത്തലുകള്‍ വരുത്തി. ഒട്ടേറെ പേരെയാണ് ഇവര്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത്. ആയവന, പായിപ്ര പഞ്ചായത്തുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ ലിസ്റ്റില്‍ കടന്നുകൂടിയത്.

ആയവന പഞ്ചായത്തിലെ ഏനാനല്ലൂരില്‍ 87 വീടുകളില്‍ വെള്ളം കയറിയെന്നാണു ലിസ്റ്റ്. എന്നാല്‍ 22 വീടുകളില്‍ മാത്രമാണു വെള്ളം കയറിയത്. പായിപ്ര എട്ടാം വാര്‍ഡില്‍ മാത്രം 294 പേരുടെ ലിസ്റ്റാണു തയാറാക്കിയത്. എന്നാല്‍ നൂറോളം വീടുകളിലാണു വെള്ളം കയറിയത്. ലിസ്റ്റിലുള്ള വീട്ടുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും തുക വിതരണം ചെയ്തുകഴിഞ്ഞു. നാലു തവണയാണു ചില വീടുകളില്‍ വെള്ളം കയറിയത്. ചെളിയും മാലിന്യവും അടിഞ്ഞുകൂടിയ വീടുകളില്‍ പലര്‍ക്കും ഇനിയും താമസം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യാതൊരു നാശനഷ്ടവുമില്ലാത്തവര്‍ പണം തട്ടിയെടുക്കാന്‍ പരക്കം പാഞ്ഞു നടക്കുന്നത്.

Related posts