ഇന്ന് യുവാക്കളിൽ പലരും ജീവിതത്തെ അസംതൃപ്തിയോടെയും ഭയത്തോടെയുമാണ് കാണുന്നത്.
ഇന്നത്തെകുട്ടികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസവും സാങ്കേതിക മികവും ആളോഹരി വരുമാനവും ആരോഗ്യപരിപാലന രംഗത്തെ മികവും മറ്റു സൗകര്യങ്ങളും എല്ലാംതന്നെ മുന്‍ തലമുറയ്ക്കു കിട്ടിയതിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്.
എന്നിട്ടും പലപ്പോഴും ജീവിതത്തെ അസന്തുഷ്ടതയോടെയും ഭയത്തോടെയുമാണ് ഇന്നത്തെ തലമുറ നോക്കിക്കാണുന്നത്. അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
1. പലതരത്തിലുള്ള ആസക്തികള്‍
വര്‍ച്വല്‍/ഡിജിറ്റല്‍ ആയിട്ടുള്ളവയും അതുപോലെ ഭൗതികമായിട്ടുള്ള ആസക്തിയുമാണുള്ളത്. സാമൂഹിക മാധ്യമങ്ങളോടും മറ്റു വസ്തുക്കളോടുള്ള ആസക്തിയും പുതുതലമുറയെ അസംതൃപ്തരാക്കുന്നു.
2. മറ്റുള്ളവരുമായി ഇടപെടല്‍ കുറയുന്നത്
കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നമ്മുടെ യുവതലമുറയുടെ നേരിട്ടുള്ള ഇടപെടലും മറ്റും കുറഞ്ഞു വരുന്ന ഒരു പ്രവണത ആയിരുന്നു. എന്നാല്‍, ഈ കോവിഡ് മഹാമാരിയുടെ സമയത്ത് ലോക്ഡൗണും ഒറ്റപ്പെടലും ഒക്കെ വന്നതു കാരണം ഈ അവസ്ഥ പലമടങ്ങു വര്‍ധിച്ചതായി കാണുന്നു.
3. ഭാവിയെക്കുറിച്ചുള്ള ഭയം
ഭാവിയെക്കുറിച്ച് ഈ തലമുറ വളരെ ആശങ്കാകുലരാണ്.ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ലോക മഹായുദ്ധകാലത്തും സ്വാതന്ത്ര്യ സമരകാലത്തുമൊക്കെ അന്നത്തെ തലമുറയ്ക്ക് അവരുടെ ഭാവിയെ പറ്റി ഏറെ അനിശ്ചിതത്വം ഉണ്ടായിരുന്നു.
അന്നത്തെ തലമുറയ്ക്ക് ഉണ്ടായിരുന്ന ധൈര്യമോ ആത്മവിശ്വാസമോ ഒന്നും തന്നെ ഇന്നത്തെ തലമുറയില്‍ കാണാന്‍ സാധിക്കുന്നില്ല.
മുൻ തലമുറ നേരിട്ട സാഹചര്യമൊന്നുമല്ല ഇന്നുള്ളത്. അപ്പോള്‍ പിന്നെ അമിതമായി ചിന്തിച്ചുകൂട്ടി ഭാവിയെപ്പറ്റി ആവലാതികളും ആശങ്കകളും വർധിപ്പിക്കുന്നത് ഒഴിവാക്കാന്‍ സ്വയം തീരുമാനിക്കുകയാണു വേണ്ടത്.
എങ്ങനെ പരിഹരിക്കാം?
ജീവിതത്തെ സമീപിക്കുന്നതിൽ എത്തരത്തിലുള്ള മാറ്റം കൊണ്ടുവരണം എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇന്നത്തെ തലമുറയുടെ പ്രശ്നം എന്തെന്നാല്‍ അവര്‍ ജീവിതത്തിന്റെ അടിസ്ഥാനമായി കാണുന്നത് സന്തോഷമാണ്.
നൈമിഷികമായ സംതൃപ്തിയും സന്തോഷവുമാണ് എല്ലാവരുടെയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ ത്യന്തികമായി അത് ലഭിക്കുന്നില്ല എന്നതിനാലാണ് അവരുടെ ജീവിതത്തില്‍ അസന്തുഷ്ടത ഉണ്ടാകുന്നത്.
ജീവിതം അർഥപൂർണമാക്കാം
ലോകപ്രശസ്ത സൈക്യാട്രിസ്റ്റായ Viktor Frankl ഇതിനെക്കുറിച്ച് വളരെ വിശദമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതംഅര്ഥവത്തായി നയിക്കുന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രേരണയാകേണ്ടത്. മറ്റുള്ളവരല്ല നമ്മുടെ സന്തോഷം തീരുമാനിക്കുന്നത്.
നമ്മുടെ ഉള്ളില്‍ നിന്നുമാണ് ആ സംതൃപ്തി വരേണ്ടതെന്നുള്ള തിരിച്ചറിവ് ജീവിതത്തെ അര്ഥവത്താക്കുന്നു. നമ്മുടെ കടമകളും ഉത്തരവാദിത്വവും ആത്മാര്‍ഥതയോടെ ചെയ്യുമ്പോഴാണ് ഈ സംതൃപ്തി നമ്മളിലൂടെ ലഭിക്കുന്നത്.
വ്യക്തിബന്ധത്തിൽ വിശ്വാസ്യത
രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിശ്വാസം എന്നത് അത്യന്താപേക്ഷിതമാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകള്‍ സത്യസന്ധവും ആത്മാര്‍ഥവും ആകുന്നതു വഴി വിശ്വാസം നിലനിര്‍ത്താനും വികസിപ്പിക്കാനും സാധിക്കുന്നു.
നമ്മുടെ പ്രവൃത്തികളും വാക്കുകളും എല്ലാം തന്നെ അര്‍ഥവത്തായ പാതയിലൂടെ കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കുടുംബം തന്നെ ഒന്നാമത്
സ്ക്രീന്‍ ടൈം കുറച്ച്, മറ്റു പ്രവര്‍ത്തികളില്‍ പങ്കെടുക്കുകയും കുടുംബവുമായി സമയം ചെലവഴിക്കുകയും ചെയ്യുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മസംതൃപ്തി കൂടുന്നു.
ഇത്തരത്തില്‍ ജീവിതം ക്രമീകരിക്കുകയാണെങ്കില്‍ അര്‍ഥപൂര്‍ണമായ, സന്തുഷ്ടമായ ജീവിതം നയിക്കാന്‍ ഈ തലമുറയ്ക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്.
വിവരങ്ങൾ: നിതിൻ എ.എഫ്
കൺസൾട്ടന്റ്
സൈക്കോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം