ലൈംഗികപീഡനക്കേസില് കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആര്ട്ടിസ്റ്റ് പിടിയിലായതോടെ പലരും ടാറ്റൂയിങ്ങിനെ സംശയക്കണ്ണുകളോടെ നോക്കിക്കാണാന് തുടങ്ങിയിരിക്കുന്നു.
നിരവധി യുവതികളാണ് കൊച്ചിയിലെ ഇങ്ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്ട്ടിസ്റ്റുമായ സുജീഷിനെതിരേ ലൈംഗികപീഡനാരോപണവുമായി രംഗത്തെത്തിയത്.
ഇതേത്തുടര്ന്ന് കൊച്ചിയിലെ നിരവധി ടാറ്റൂ സെന്ററുകളില് പോലീസ് പരിശോധന നടത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്ത് ടാറ്റു പതിപ്പിക്കാന് നിരവധി ആളുകള് മുമ്പോട്ടു വരുമ്പോള് ടാറ്റു സെന്ററുകള് കൂണുകള് പോലെ മുളച്ചു പൊന്തുകയാണ്.
ഇവയില് മിക്കതിനും അംഗീകാരമില്ലെന്നതാണ് വാസ്തവം. പറയുമ്പോള് കലയും മറ്റുമൊക്കെയാണെങ്കിലും പലപ്പോഴും ടാറ്റൂയിംഗ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്ക്കും വഴിവെയ്ക്കുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര് പറയുന്നത്.
ഉപകരണങ്ങള് അണുവിമുക്തമാക്കാതെയുള്ള ടാറ്റുവര പലപ്പോഴും എയ്ഡ്സ് മുതല് ഹെപ്പറ്റൈറ്റിസ് വരെയുള്ള രോഗങ്ങളാവും സമ്മാനിക്കുക.
സൂചികള് ഉപയോഗിച്ച് ചര്മത്തില് മുറിവുണ്ടാക്കുകയും അവിടെ മഷി നിറയ്ക്കുകയുമാണ് ടാറ്റൂയിംഗില് ചെയ്യുന്നത്.
സൂചി അണുവിമുക്തമാക്കുന്നുണ്ടെന്ന് ടാറ്റു സെന്ററുകള് ആണയിടുമ്പോള് സൂചി ഘടിപ്പിക്കുന്ന ഉപകരണം അണുവിമുക്തമാക്കുന്നതില് പലരും ശ്രദ്ധ കൊടുക്കാറില്ല.
ഇത്തരം അവസരങ്ങളിലാണ് എച്ച്ഐവി,ഹെപ്പറ്റൈറ്റിസ് തുടങ്ങി രക്തത്തിലൂടെയും മറ്റും പകരുന്ന രോഗങ്ങള് പിടിപെടുക.
ത്വക്കില് ഉണ്ടാക്കുന്ന മുറിവുകള് രണ്ടാഴ്ച കൊണ്ട് ഉണങ്ങുമെന്ന് ടാറ്റു സെന്ററുകള് അവകാശപ്പെടുമെങ്കിലും മാസങ്ങള്ക്കൊണ്ടും പലരുടെയും മുറിവുകള് ഉണങ്ങാറില്ലെന്നതാണ് യാഥാര്ഥ്യം.
മാത്രമല്ല പലരിലും ടാറ്റൂയിംഗിന് ഉപയോഗിക്കുന്ന മഷി ത്വക്ക് അലര്ജിയ്ക്കും കാരണമാകുന്നു. ഇതും മുറിവുകള് കരിയാതിരിക്കാന് ഒരു കാരണമാണ്.
ടാറ്റു പതിക്കുന്നതിന്റെ പലമടങ്ങാണ് ടാറ്റു മായ്ക്കാനുള്ള ചിലവ് എന്നതാണ് മറ്റൊരു കൗതുകം. പ്രണയേതാക്കള് ഒരു ആവേശത്തിന് കുത്തുന്ന ടാറ്റു പലപ്പോഴും പ്രേമബന്ധം തകരുന്നതോടെ ബാധ്യതയാകാറുണ്ട്.
ഈ അവസരത്തില് ടാറ്റു മായ്ക്കാനുള്ള വന്തുക കണ്ടെത്താനാവാതെ മാനസിക സംഘര്ഷത്തിലാവുന്നവരും ഉണ്ട്.
ടാറ്റൂയിംഗിന്റെ മുറിവ് പെട്ടെന്ന് ഉണങ്ങാന് ടാറ്റു സെന്ററുകള് നല്കുന്ന വീര്യം കൂടിയ മരുന്നുകള് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങള്ക്കിടയാക്കുകയും ചെയ്യുന്നു. ഡോക്ടറുടെ വിദഗ്ധോപദേശമില്ലാതെയുള്ള ഇത്തരം മരുന്നുകളുടെ ഉപയോഗം കാര്യങ്ങള് കൂടുതല് കുഴപ്പത്തിലാക്കാനേ ഉപകരിക്കുകയുള്ളൂ.
പാശ്ചാത്യരാജ്യങ്ങളില് ടാറ്റു സെന്ററുകള്ക്ക് പ്രത്യേക പ്രവര്ത്തനാനുമതി ആവശ്യമാണ്. ഉപയോഗിയ്ക്കുന്ന ഉപകരണങ്ങള്, അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങള്, വൈദഗ്ധ്യമുള്ളവര് എന്നീ കാര്യങ്ങള് നിര്ബന്ധമാണ്
ഇവിടെ അത്തരം നിബന്ധനകളൊന്നുമില്ലാത്തത് അപകട സാധ്യത കൂട്ടുന്നു. പലയിടത്തും അപര്യാപ്തമായ സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ടാറ്റൂ പതിപ്പിക്കല് നടക്കുന്നത്.
നിരവധി സ്ത്രീകളാണ് ടാറ്റു പതിപ്പിക്കാനെത്തുന്നതെങ്കിലും മിക്ക കേന്ദ്രങ്ങളിലും വനിതാ ജീവനക്കാര് ഉണ്ടാവാറില്ല.
സ്വകാര്യഭാഗത്ത് ടാറ്റു പതിപ്പിക്കാനെത്തുന്ന സ്ത്രീകള് പിന്നീട് ലൈംഗികപീഡനത്തിനിരയായി മാറുന്നു. അപമാനഭാരം ഭയന്നാണ് പലരും ഇത് പുറത്തു പറയാത്തത്. ഇതാണ് സുജീഷിനെപ്പോലെയുള്ളവര് മുതലെടുക്കുന്നതും.