തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കത്തി പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്ത്, യൂണിറ്റ് മുൻ സെക്രട്ടറി നസിം എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ യൂണിവേഴ്സിറ്റി കോളജിനകത്ത് നിന്നും കത്തി കണ്ടെടുത്തത്.
കോളജ് കോന്പൗണ്ടിലെ മണ്കൂനയിൽ നിന്നാണ് കത്തി കണ്ടെടുത്തത്. ശിവരഞ്ജിത്ത് തന്നെയാണ് പോലീസിനെ കത്തി ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തത്. കന്റോൺമെന്റ് സിഐ. എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ് നടന്നത്. കത്തിയിൽ രക്തവും മണ്ണും പറ്റിപ്പിടിച്ച നിലയിലായിരുന്നു .
ഫോറൻസിക് പരിശോധനയ്ക്കായി പോലീസ് സംഘം കത്തി ഫോറൻസിക് വിദഗ്ധർക്ക് കൈമാറി. നേരത്തെ ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്തപ്പോൾ കത്തി ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് പരസ്പര വിരുദ്ധമായാണ് മൊഴി നൽകിയിരുന്നത്. ഇക്കാരണത്താൽ ഇന്നലെ നടത്താനിരുന്ന തെളിവെടുപ്പ് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തന്നെ നസീം പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നെന്ന് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിൽ പോലീസിന് മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരു വിലങ്ങിൽ ബന്ധിച്ചാണ് തെളിവെടുപ്പി നായി കോളജ് കാന്പസിൽ എത്തിച്ചത്.