തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനകത്ത് ഇനി പോലീസ് കാവലില്ല. പുറത്ത് മാത്രം കാവൽ. ഇന്നലെ ഉച്ചയോടെ കോളജിനകത്ത് ഡ്യൂട്ടി നോക്കുകയായിരുന്ന പോലീസുകാരെ എസ്എഫ്ഐ യിലെ ഒരു വിഭാഗം വിദ്യാർഥികൾ അസഭ്യം വിളിയ്ക്കുകയും പുറത്ത് പോകാൻ ആവശ്യപ്പെട്ടതോടെയാണ് കോളജിനകത്ത് നിന്നും പോലീസ് പിൻവാങ്ങിയത്.
എസ്എഫ്ഐ യിലെ ചില നേതാക്കൻമാരുടെ ധാർഷ്ട്യത്തെ എതിർക്കാൻ കോളജ് പ്രിൻസിപ്പളും ധൈര്യം കാണിച്ചില്ല. പോലീസ് തുടരണമെന്ന് പ്രിൻസിപ്പളും ആവശ്യപ്പെടാതെ വന്നതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് എസ്എഫ്ഐ നേതാക്കൾ കോളജിനകത്ത് നിന്നും പോലീസിനെ പുറത്താക്കിയതെന്നാണ് വിദ്യാർഥികൾ ആരോപിയ്ക്കുന്നത്.
അതേസമയം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേരത്തെ ഉപയോഗിച്ചിരുന്ന യൂണിയൻ ഓഫീസും ഇടിമുറിയും കോളജ് അധികൃതർ വേർതിരിച്ചു. യൂണിയൻ ഓഫീസായി ഉപയോഗിച്ചിരുന്ന സ്റ്റേജിനോട് ചേർന്നുള്ള ഭാഗമാണ് ക്ലാസ് മുറിയാക്കാൻ വേർതിരിച്ചത്. എന്നാൽ ഈ ഭാഗം യൂണിയൻ ഓഫീസായും ഇടിമുറിയാക്കി വീണ്ടും പുനസ്ഥാപിക്കാൻ നീക്കം നടത്തുകയാണെന്നും വിദ്യാർഥികൾ പറയുന്നു.