ഹൈദരാബാദ്: സ്കൂൾ യൂണിഫോം ധരിക്കാത്തതിന് ശിക്ഷയായി അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ആൺകുട്ടികളുടെ ശുചിമുറിയിൽ അയച്ചു. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഇക്കാര്യങ്ങൾ വെളിപ്പെടുത്തി കൊണ്ട് 11 വയസുകാരിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സാധാരണ വേഷത്തിൽ സ്കൂളിലെത്തിയതിന് അധ്യാപകർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. അലക്കിയിട്ട യൂണഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചതെന്നും ഇക്കാര്യം സ്കൂള്‍ ഡയറിയില്‍ അമ്മ എഴുതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അധ്യാപകർ ആരും ഡയറി പരിശോധിക്കാൻ തയാറായില്ല. തുടർന്നു മറ്റു വിദ്യാർഥികൾ കാൺകെ ആൺകുട്ടികളുടെ ശുചിമുറിയിലേക്ക് നിർബന്ധിച്ച് അയക്കുകയായിരുന്നു.
ക്രൂരശിക്ഷ വിവാദമായതോടെ അധ്യാപകർക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ബാലാവകാശ പ്രവര്ത്തകന് അച്യുത റാവു പറഞ്ഞു.