തോമസ് വർഗീസ്
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരേ ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന ഇടതുപക്ഷം 38 വര്‍ഷം മുമ്പ് നിയമസഭയില്‍ ഏക സിവിൽ കോഡിനായി ശക്തമായി വാദിച്ചിരുന്നുവെന്നു നിയമസഭാ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആ വാദത്തെ മുന്നില്‍നിന്നു നയിച്ചത് അന്നത്തെ സിപിഎമ്മിന്റെ താര നേതാവ് എം.വി. രാഘവന് ഉള്‍പ്പെടെയുള്ളവരും.ഏഴാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ 1985 ജൂലൈ ഒന്‍പതിന് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തുനിന്നു പ്രധാനമായി മുന്നോട്ടു വച്ച ചോദ്യം ഏകീകൃത സിവില്‍കോഡ് ആയിരുന്നു.
ഏകസിവില്‍ കോഡ് സംബന്ധിച്ച് എം.വി. രാഘവന് ഉന്നയിച്ച ചോദ്യമിങ്ങനെ-കേരളത്തില്‍ ഒരു സിവില്‍ കോഡ് ഇല്ലാത്തതുകൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ധാരാളമാണ്.
അതു പരിഗണിച്ച് ഒരു പുതിയ സിവില്‍ കോഡ് ഈ രാജ്യത്തെ ന്യൂനപക്ഷത്തിനു കൂടി ആവശ്യമാണെന്നു അവരെ ബോധ്യപ്പെടുത്തുന്നതിനും ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങള്‍ നടപ്പിലാക്കുന്നതിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
മുഖ്യമന്ത്രി കെ. കരുണാകരന് സഭയില്‍ ഇല്ലാത്തതിനാല്‍ അന്നത്തെ ജലസേചന മന്ത്രി എം.പി. ഗംഗാധരനാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
രാഘവന്റെ ചോദ്യത്തിനു മറുപടിയായി ഏകസിവില്‍കോഡ് വിഷയത്തില്‍ പുതുതായി ഒന്നും ആലോചനയില്‍ ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഇതിനെക്കുറിച്ച് ചിന്തിച്ച് പ്രവൃത്തിയില്‍ വരുത്താനുള്ള ഒരു നിയമവുമില്ലെന്നും മന്ത്രി ഗംഗാധരന് വ്യക്തമാക്കി.
എം.വി. രാഘവനെക്കൂടാതെ സി.ടി. കൃഷ്ണന്, ഇ. പത്ഭനാഭന്, ഒ. ഭരതന്, പി.വി. കുഞ്ഞിക്കണ്ണന്, എ.കെ. പത്മനാഭന്, വി.ജെ. തങ്കപ്പന് എന്നിവരാണ് അന്ന് ഏക സിവില്‍കോഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ഏകീകൃത സിവില്‍കോഡ് ഉണ്ടാക്കുന്നതിന് ന്യൂപക്ഷങ്ങളുടെ ഇടയില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ടോ എന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമെന്താണെന്നു വ്യക്തമാക്കാമോ എന്നതുമായിരുന്നു പ്രധാന ചോദ്യം.
കേന്ദ്രം അഭിപ്രായം തേടിയിട്ടില്ലെന്നും സംസ്ഥാനം ഇക്കാര്യത്തില്‍ പുതുതായി ഒന്നും ആലോചിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി എം.പി. ഗംഗാധരന്റെ മറുപടി.
തുടര്‍ന്നു വി.ജെ. തങ്കപ്പന് ഉന്നയിച്ചത് ഒരു കോമണ്‍ സിവില്‍ കോഡ് ഉണ്ടാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പില്‍ കുറേക്കൂടി സെക്കുലറായ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ട് ഒരു പ്രചാരണം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവുമോ എന്നതായിരുന്നു.
എന്നാല്‍ ഇതിനുള്ള മറുപടിയായി മന്ത്രി വ്യക്തമാക്കിയത് ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതുകൊണ്ടോ നിയമിക്കാതിരിക്കുന്നതുകൊണ്ടോ ഈ പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ലഎന്നായിരുന്നു.
ഇന്നത്തെ വര്‍ത്തമാന കാല യാഥാർഥ്യങ്ങളും വസ്തുതകളും കണക്കിലെടുത്ത് കോമണ്‍ സിവില്‍കോഡ് ആവശ്യമാണെന്നു ഈ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്ന ഇ. പത്മനാഭന്റെ ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഇപ്പോള്‍ അത് ഉദ്ദേശിക്കുന്നില്ലെന്ന മറുപടിയായിരുന്നു മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായത്.
പൊതു സിവില്‍കോഡ് അടിയന്തരമായി കൊണ്ടുവരണമെന്ന സുപ്രീം കോടതിയുടെ അടുത്തകാലത്തെ അഭിപ്രായ ഗതിക്കെതിരായി ഈയിടെ മുസ്ളീം ദേവാലയങ്ങളിൽ നടന്ന സംഘടിത പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായമെന്താണെന്ന ഒ. ഭരതന്റെ ചോദ്യത്തിന് സുപ്രീം കോടതി അങ്ങനെ പറഞ്ഞിട്ടില്ലെന്നു മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതായും സഭാ രേഖകള്‍ പറയുന്നു.