കോഴിക്കോട്: സിപിഎം സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കാത്തതിൽ അമർഷവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം എന്തെന്ന് ഇ.പി. ജയരാജനോട് ചോദിക്കണം. ചടങ്ങിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്നും ഗോവിന്ദൻ ചോദിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മറ്റിയംഗങ്ങളും പങ്കെടുക്കണമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോഴിക്കോട് സെമിനാര്‍ നടക്കുമ്പോള്‍ ഇ.പി. ജയരാജൻ തിരുവനന്തപുരത്താണ്. ഡിവൈഫ്ഐ നിര്‍മിച്ച് നല്കിയ സ്നേഹവീടിന്റെ താക്കോല്‍ദാനത്തിനാണ് ഇ.പി. തിരുവനന്തപുരത്ത് എത്തിയത്. പാര്‍ട്ടിയും ഇപിയും തമ്മിലെ നിസഹകരണം തുടരുന്നതിനിടെയാണ് നിര്‍ണായക സെമിനാറിലെ വിട്ട് നില്ക്കല്.
വൈകുന്നേരം നാലിന് കോഴിക്കോട് സ്വപ്നനഗരിയിലാണ് സിപിഎമ്മിന്‍റെ ജനകീയ സെമിനാര്‍. സെമിനാറിന്‍റെ തീയതി നേരത്തെതന്നെ തീരുമാനിച്ചിരുന്നതാണ്. എന്നിട്ടും ജയരാജന് വിട്ടുനില്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.