രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാന്‍ തീരുമാനമുണ്ടായേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ധ്വനിപ്പിക്കുന്നത് ഇതാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് വാദിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനു മുന്നോടിയാണ് ഈ വിവാഹപ്രായം ഉയര്‍ത്തല്‍ എന്ന് സൂചനയുണ്ട്.
സ്ത്രീ ശാക്തീകരണത്തിന് കരുത്ത് കൂട്ടാന്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ പ്രായത്തില്‍ തീരുമാനമെടുക്കും.
ഏറെ താമസിയാതെ തന്നെ ഈ തീരുമാനം ഉണ്ടാകും. നിലവില്‍ 18 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
1929ലെ ശാരദ ആക്ടില്‍ ഭേദഗതി വരുത്തി 1978ലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15ല്‍നിന്ന് 18 ആയി ഉയര്‍ത്തിയത്. ഇതിലും മാറ്റം വരണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് ഉള്‍പ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
എന്നാല്‍ ഇത്തരക്കാരെ ദുഖിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സ് ആക്കണമെന്ന് ചില സംഘടനകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതും കേന്ദ്രം തള്ളിക്കളയുകയാണ്. ഇതെല്ലാം ഏകീകൃത സിവില്‍കോഡിനു മുന്നോടിയാണെന്നാണ് സൂചന. ഭരണത്തിന്റെ മൂന്നാം വര്‍ഷത്തില്‍ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍.
ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് ഏഴു വര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയുമാക്കും. ശൈശവ വിവാഹത്തിന്റെ പരിധി 21 വയസ്സാക്കാനും തീരുമാനിച്ചേക്കും. അങ്ങനെ വന്നാല്‍ വിവാഹ നിയമങ്ങളില്‍ സമൂല അഴിച്ചുപണിയാകും നടക്കുക.