അന്പലപ്പുഴ: സഹപാഠികളും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ ഇമ്മാനുവലിന് വീടൊരുങ്ങി. ഏഴു ലക്ഷം രൂപ ചെലവിലാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാർഡ് വൈക്കത്തുപറമ്പ് ഇമാനുവലിന് വീടൊരുക്കിയത്. അറവുകാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവൽ പുന്നപ്രയിലെ യുകെ ഡി സെന്ററിലായിരുന്നു ട്യൂഷൻ പഠിച്ചിരുന്നത്.
മൂന്നുമാസം മുമ്പ് ക്ലാസിലെത്തിയ ഇമ്മാനുവലിന്റെ വസ് ത്രങ്ങളും പുസ്തകങ്ങളും നനഞ്ഞു കുതിർന്നത് കണ്ട് പ്രധാനാധ്യാപകൻ ഉണ്ണികൃഷ് ണൻ വിവരം അന്വേഷിച്ചപ്പോഴാണ് തകർന്നു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിലാണ് കഴിയുന്നതെന്ന വിവരം ഇമ്മാനുവൽ പറയുന്നത്.
കൂലിപ്പണിക്കാരായ അച്ഛനമ്മമാർ സുനിലും സൂസിയും ഇമ്മാനുവേലിന്റെ ഇളയ സഹോദരങ്ങളുടെയും ജീവിതദുരിതം ഉണ്ണികൃഷ്ണൻ മറ്റു വിദ്യാർഥികളുമായും പൂർവവിദ്യാർഥികളുമായും പങ്കുവച്ചു. ഇതോടെ ഇവർക്കായി രണ്ടു കിടപ്പുമുറികളുമായി വാർക്ക വീട് മൂന്നുമാസം കൊണ്ട് പൂർത്തിയാക്കി.
അലമാരയും മേശയും കട്ടിലും കിടക്കയുമുൾപ്പെടെയുള്ള വീട്ടുപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തു. വീടിന്റെ താക്കോൽ എച്ച്. സലാം എംഎൽഎ കൈമാറി.
പ്രിൻസിപ്പൽ ഉണ്ണികൃഷ് ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, സി.എ. സലിം ചക്കിട്ടപറമ്പിൽ, ഹരീന്ദ്രനാഥ്, സുധീർ പുന്നപ്ര, മുരളീകൃഷ്ണൻ, സനീഷ് എന്നിവർ സംസാരിച്ചു. പുർവവിദ്യാർഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.