മലപ്പുറം: ഒരു ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകൾ തയാറാക്കിയ സംഭവം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നു. മലപ്പുറം പാണ്ടിക്കാട് അൽ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഒരേ ക്ലാസിലെ വിദ്യാർഥികൾക്കു രണ്ടു തരം യൂണിഫോമുകൾ നൽകിയത്.
പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഒരു യൂണിഫോമും പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു മറ്റൊരു യൂണിഫോമുമാണ് സ്കൂൾ മാനേജ്മെന്‍റ് നടപ്പാക്കിയിരിക്കുന്നത്. സംഭവം വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
യൂണിഫോമുകളിലുള്ള വേർതിരിവ് ഒഴിവാക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്‍റുകൾ യൂണിഫോം മാറ്റാൻ തയാറായില്ല. യൂണിഫോം ഏകീകരിക്കണമെന്ന് ചൈൽഡ് ലൈനും അറിയിച്ചിരുന്നു. എന്നാൽ നിഷേധാത്മക നിലപാടാണ് മാനേജ്മെന്‍റ് സ്വീകരിച്ചത്.