തിരുവനന്തപുരം: 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വിദ്യാർഥികളുടെ ബസ് കണ്സഷൻ അടക്കമുള്ള കാര്യങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം നിർബന്ധമാക്കിയത്.
സ്വകാര്യ ബസ് കണ്സഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളും ഹോസ്റ്റലുകളും എട്ടിനു തുറക്കാം.
പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അന്നു മുതൽ സ്കൂളിൽ വരാമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വാക്സിനെടുക്കാത്ത അധ്യാപക, അനധ്യാപകർ 1,707
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 1,707 പേർ വാക്സിൻ എടുക്കാനുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണ് ഇത്. വാക്സിൻ എടുക്കാത്തവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതു സംബന്ധിച്ച് ഇപ്പോൾ ആലോചനയില്ല.
കുട്ടികളുടെ സുരക്ഷയാണ് സർക്കാരിനു പ്രധാനമെന്നും എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
1,495 അധ്യാപകരും 212 അനധ്യാപകരുമാണ് ഇനിയും വാക്സിൻ എടുക്കാനുള്ളത്. ഇതിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിലാണ് ഏറെ പേരും ഉൾപ്പെട്ടിട്ടുള്ളത്.
ഈ വിഭാഗത്തിൽ 1,066 അധ്യാപകരും 189 അനധ്യാപകരും ഉൾപ്പെടെ 1,255 പേർ വാക്സിൻ എടുക്കാനുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിൻ സ്വീകരിച്ചിട്ടില്ല.
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകർ മാത്രമാണ് വാക്സിൻ സ്വീകരിക്കാനുള്ളത്. ഈ വിഭാഗത്തിലെ അനധ്യാപകരെല്ലാം വാക്സിൻ എടുത്തെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലാണ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ ഏറ്റവും കൂടുതൽ. 184 അധ്യാപകരും 17 അനധ്യാപകരുമാണ് മലപ്പുറത്ത് വാക്സിൻ സ്വീകരിക്കാനുള്ളത്. തൊട്ടു പിന്നിലുള്ള കോഴിക്കോട് ജില്ലയിൽ 136 അധ്യാപകരും 15 അനധ്യാപകരും വാക്സിൻ സ്വീകരിക്കാനുണ്ട്.
ഏറ്റവും കുറച്ചു പേർ വാക്സിനെടുക്കാനുള്ളത് കാസർഗോഡ് ജില്ലയിലാണ്. 32 അധ്യാപകരും നാല് അനധ്യാപകരുമാണ് കാസർഗോഡ് ജില്ലയിൽ വാക്സിൻ സ്വീകരിക്കാനുള്ളത്.
തിരുവനന്തപുരം-87, കൊല്ലം-67, പത്തനംതിട്ട-40, ആലപ്പുഴ-77, കോട്ടയം-61, ഇടുക്കി-36, എറണാകുളം-89, തൃശൂർ-103, പാലക്കാട്-54, വയനാട്-25, കണ്ണൂർ-75 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ എണ്ണം.
വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ആരോഗ്യപ്രശ്നങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത അധ്യാപകരും അനധ്യാപകരും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അല്ലെങ്കിൽ എല്ലാ ആഴ്ചയും ആർടിപിസിആർ പരിശോധനാ ഫലം ബന്ധപ്പെട്ട സ്കൂളുകളിൽ ഹാജരാക്കണം. അല്ലാത്തവർക്ക് ശന്പളമില്ലാത്ത ലീവ് എടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.