ആലുവ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ബാങ്ക് ഉദ്യോഗസ്ഥ മുങ്ങിയതായി പരാതി. യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ അങ്കമാലി സ്വദേശിനി സിസ്മോളി (36) യെയാണ് ഭർത്താവ് സജിത്തിനോടൊപ്പം കാണാതായത്.
ബാങ്കിലെ 128 ഇടപാടുകാരിൽ നിന്ന് വായ്പയ്ക്ക് ഈടായി സ്വീകരിച്ച 8,852 ഗ്രാം (1106.5 പവൻ) സ്വർണമാണു കാണാതായത്. ശനിയാഴ്ച രാത്രി ബാങ്ക് മാനേജർ ഷൈജി പോലീസിന് നൽകിയ പരാതിയെത്തുടർന്നാണ് വിവരം പുറത്തറിയുന്നത്.
യഥാർഥ സ്വർണം മാറ്റി മുക്കുപണ്ടം വച്ചിട്ടുണ്ട്. പണയം തിരിച്ചെടുക്കാനെത്തിയ ഇടപാടുകാരന് മുക്കുപണ്ടം ലഭിച്ചപ്പോഴാണ് തട്ടിപ്പ് ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ അറിഞ്ഞതെന്നു പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം. അന്ന് സിസ് മോളി എറണാകുളത്ത് ബാങ്കിന്റെ പരിശീലനത്തിലായിരുന്നു. ശനിയാഴ്ച മുതൽ ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബസമേതം മുങ്ങിയെന്നാണ് പോലീസ് പറയുന്നത്.
എറണാകുളത്ത് ഷെയർ മാർക്കറ്റ് ഇടപാടുകാരനാണ് സജിത്ത്. ലോക്കറുകൾ വിശദമായി പരിശോധിച്ചപ്പോൾ 128 പേരുടെ കവറുകളിൽ മുക്കുപണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞു. മാനേജരും സ്വർണ പണയ ചുമതലയുള്ള ഉദ്യോഗസ്ഥയും ചേർന്നാലേ ലോക്കർ തുറക്കാനാവൂ. അതിനാൽ ഒന്നിലേറെപ്പേരുടെ പങ്ക് സംശയിക്കുന്നുണ്ട്. ബാങ്കിലെ മറ്റു ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.