കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാനായി വിച്ഛേദിച്ചത്, ഇരുപത് ഗ്രാമങ്ങളിലേയ്ക്കുള്ള വൈദ്യുതി! പരാതി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

ജനസേവകരെന്ന പേരില്‍ അറിപ്പെടുന്ന മന്ത്രിമാര്‍ക്കു വേണ്ടി ജനങ്ങള്‍ ത്യാഗം ചെയ്യണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ഇരുപത് ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. മധ്യപ്രദേശിലെ സത്നയിലാണ് ഇരുപത് ഗ്രാമങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രിക്ക് സുരക്ഷിത ഹെലികോപ്കടര്‍ ലാന്‍ഡിംഗ് ഒരുക്കിയത്.

42 ഡിഗ്രിക്ക് മുകളിലാണ് സത്നയിലെ ചൂട്. വൈദ്യുതി കൂടി ഇല്ലാതെ വന്നതോടെ ഗ്രാമവാസികള്‍ നന്നേ ബുദ്ധിമുട്ടിലായി. മേയ് 19 ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഞായറാഴ്ച വൈകുന്നേരം ആറു മണിവരെ(26 മണിക്കൂര്‍) സത്നയില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും രാജ്നാഥ് സിംഗിന്റെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തു കൂടെ രണ്ട് ഹൈവോള്‍ട്ടേജ് ലൈനുകള്‍ കടന്നു പോകുന്നതിനാലാണ് ഇതെന്നും പ്രാദേശിക പത്രത്തില്‍ അറിയിപ്പും നല്‍കിയിരുന്നു.

ഞങ്ങളുടെ വീടുകളില്‍ വെള്ളവും വെളിച്ചവും ഇല്ല. 20 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. ഞങ്ങളുടെ വീടുകളില്‍ കുഞ്ഞുങ്ങളുണ്ട്. എല്ലാവരും ബുദ്ധിമുട്ടുകയാണ്, ആരോട് പരാതി പറയാന്‍. അടുത്ത വൈദ്യുതി ഓഫീസില്‍ പോയി പറഞ്ഞപ്പോള്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മറുപടി ലഭിച്ചു. ഗ്രാമവാസികള്‍ പറയുന്നു.

വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വൈദ്യുതി ഓഫീസ് ഉപരോധിച്ച് വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പുലര്‍ച്ചെ മൂന്നു മണിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയാരുന്നു.

Related posts