ആലുവ: ജില്ലാ ആശുപത്രി കവലയുടെ വികസനത്തിന് തടസമായി നടുറോഡിൽ സ്ഥാപിച്ചിരുന്ന യൂണിയൻ ഷെഡ് പൊതുമരാമത്ത് പൊളിച്ചു നീക്കി. ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും വിശ്രമിക്കാനായി ട്രാഫിക് ഐലൻഡിൽ നിർമിച്ച ഷെഡാണ് പൊളിച്ചത്.
കഴിഞ്ഞ ദിവസം ജംഗ്ഷനിലെ ഏഴ് അനധികൃത കടകളും കൊടിമരങ്ങളുമെല്ലാം നീക്കിയിട്ടും യൂണിയൻ ഷെഡും മാറ്റിയിരുന്നില്ല. മീഡിയൻ ഐലൻഡ് നവീകരണത്തിന്റെ ഭാഗമായി ഷെഡുകൾ നീക്കണമെന്ന് യൂണിയൻകാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം കരാറുകാരനും ഇതിൽ ഇടപെട്ടില്ല. എന്നാൽ പിഡബ്ല്യുഡി വീണ്ടും നിർദ്ദേശം നൽകിയതോടെ കരാറുകാരൻ സ്വന്തം നിലയ്ക്ക് ഇവ ഇന്നലെ മാറ്റുകയായിരുന്നു. റോഡിന് ഇരുവശവുമുള്ള ഫുട്പാത്തും കവലയിലെ മീഡിയനുമാണ് നവീകരിക്കുന്നത്.
പൊക്കത്തിൽ നിൽക്കുന്ന മീഡിയൻ ചരിച്ച് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. ഇതോടെ ട്രാഫിക് ഐലൻഡിനകത്തെ ഇരുചക്ര വാഹന പാർക്കിംഗും യൂണിയൻ ഷെഡും ഒഴിവാകും.
യൂണിയൻ ഷെഡുകളും തണൽ മരങ്ങളും കാരണം യു ടേൺ എടുക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ശരിയായി കാണാനാകുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.