കാട്ടാക്കട : യൂണിയനുകൾ സമര പ്പന്തൽ കെട്ടിയതിനെ തുടർന്ന് മൂന്നരക്കോടി നിക്ഷേപിച്ച സ്ഥാപനം ഉദ്ഘാടനം കഴിഞ്ഞ് 20 ദിവസമായിട്ടും തുറന്ന് പ്രവർത്തിക്കാൻ കഴിയുന്നില്ല.
കാട്ടാക്കട കിള്ളിയിലെ എസ്.കെ.എന്റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം വലയുന്നത്.
കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും വാഹന ങ്ങളും തടഞ്ഞാണ് ട്രേഡ് യൂണിയൻ സമരം. കടയ്ക്ക് മുന്നിലെ സമരപ്പന്തൽ നീക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ.
കഴിഞ്ഞ 25നാണ് വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് കെട്ടിട സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. രജിസ്ട്രേഷനുള്ള പത്ത് ചുമട്ട് തൊഴിലാളികളെ സ്വന്തമായി വച്ചാണ് കടയിലേക്കുള്ള സാധനസമഗ്രികൾ ഇറക്കിയത്.
തുടർന്ന് കാട്ടക്കടയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങുകയായിരുന്നു.
തൊഴിലാളികൾ കടയിലേക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയുകയാണെന്നും ലോഡുമായെത്തിയ വാഹനത്തിന്റെ ചില്ല് തകർക്കുന്ന അവസ്ഥവരെയുണ്ടായെന്നും സ്ഥാപന ഉടമ പറയുന്നു.
സ്ഥാപനത്തിനു ആവശ്യമായ സുരക്ഷ നൽകണമെന്ന് ഹൈക്കോടതി പോലീസിനു നിർദേശം നൽകിയിരുന്നു. എന്നാൽ സ്ഥിരമായി പോലീസ് സുരക്ഷ ലഭിക്കുന്നില്ലെന്നാണ് സ്ഥാപന നടത്തിപ്പുകാർ പറയുന്നത്.
കഴിഞ്ഞ ആഴ്ച സിമന്റുമായിവന്ന ലോറി തടയാൻ ശ്രമിച്ച മൂന്ന് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സ്ഥാപനത്തിലെ കയറ്റിറക്ക് ജോലികൾ തങ്ങൾക്ക് അവകാശപ്പെട്ടതെന്നാണു തൊഴിലാളികളുടെ വാദം. ചുമട്ടു തൊഴിലാളി ആക്ട് നിലനിൽക്കുന്ന പ്രദേശത്തെ കയറ്റിറക്കിനു അവകാശം തങ്ങൾക്കെന്ന പേരിലാണ് സിഐടിയു,ഐഎൻടിയുസി,ബിഎംഎസ്,എഐടിയുസി,യുടിയുസി സംഘടനകൾ സമരം ആരംഭിച്ചത്.
സ്ഥാപനത്തിൽ ചുമട്ടുതൊഴിലാളികൾക്കു തൊഴിൽ നിഷേധിക്കുന്നു എന്നാരോപിച്ചാണ് സംയുക്തസമരസമിതി പ്രതിഷേധം തുടരുന്നത്.
സ്ഥാപനം ഔദ്യോഗികമായി തുടങ്ങുന്നതിനായി മുമ്പേതന്നെ അനധികൃതമായി ഇല്ലാത്ത തൊഴിലാളികളുടെ പേരിൽ തൊഴിൽ കാർഡ് സംഘടിപ്പിച്ചുവെന്നാണ് യൂണിയനുകളുടെ ആരോപണം.
അധികൃതർ നടപടിസ്വീകരിക്കണമെന്ന് : സ്ഥാപന ഉടമ
തന്റെ കടയിലേക്കുവരുന്നവരെയും വാഹനങ്ങങ്ങളേയും തടയുന്ന തൊഴിലാളികൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് സ്ഥാപന ഉടമ സുദർശനൻ പറയുന്നു.
ഒരു തൊഴിലാളിയ്ക്ക് 1200 രൂപ നൽകാമെന്നു പറഞ്ഞെങ്കിലും തൊഴിലാളികൾ തയാറായില്ല. നോക്കൂകൂലി, കയറ്റൽ കൂലി, അടുക്കുകൂലി തുടങ്ങി വിവിധ ആവശ്യങ്ങളുമായാണ് തൊഴിലാളികൾ എത്തിയത്.
ഇത് അംഗീകരിക്കാൻ കഴിയില്ല. തൊഴിലാളികൾക്ക് അർഹമായ കൂലി നൽകാൻ തയാറായിട്ടും അത് ചെവികൊള്ളാത്ത തൊഴിലാളികളാണ് ഇവിടുള്ളതെന്നും സുദർശനൻ പറഞ്ഞു