സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി തികച്ച യൂനിസ് ഖാന് അപൂര്‍വ റിക്കാര്‍ഡ്. 11 വ്യത്യസ്ത രാജ്യങ്ങളില്‍ സെഞ്ചുറി തികച്ച ഏക ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയാണ് പാക് വെറ്ററന്‍ താരത്തിനു സ്വന്തമായത്. യുഎഇയിലടക്കം സെഞ്ചുറി നേടിയിട്ടുള്ള യൂനിസ് ആദ്യമായാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ മൂന്നക്കം കടക്കുന്നത്. സ്പിന്നര്‍ നഥാന്‍ ലയോണിനെ അതിര്‍ത്തിയിലേക്ക് പായിച്ചായിരുന്നു യൂനിസിന്റെ സെഞ്ചുറി. 39 കാരനായ യൂനിസിന്റെ 34 –ാം സെഞ്ചുറിയാണിത്.
136 റണ്‍സോടെ യൂനിസ് പുറത്താകാതെ നില്‍ക്കുകയാണ്. യൂനിസ് സെഞ്ചുറി തികച്ചെങ്കിലും ടെസ്റ്റില്‍ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ 271/8 എന്ന നിലയിലാണ് പാക്കിസ്ഥാന്‍. രണ്ടു വിക്കറ്റ് ശേഷിക്കേ ഓസീസ് സ്‌കോറിനേക്കാള്‍ 267 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. 71 റണ്‍സ് നേടിയ അസ്ഹര്‍ അലി റണ്‍ഔട്ടായതോടെയാണ് പാക്ക് ഇന്നിംഗ്‌സിന്റെ താളം വീണ്ടും തെറ്റിയത്.