തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതുവിധേനയും തുരങ്കം വയ്ക്കാന്‍ സകല അടവും പയറ്റി യൂണിയന്കാര്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഏഴിന് നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക്.
കാര്യങ്ങള്‍ ഒരു വിധത്തില്‍ നന്നായി പോകുമ്പോള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാകുമെന്ന കാര്യം ഉറപ്പാണ്. കെ.എസ്.ആര്.ടി.ഇ.എ (സിഐ.ടി.യു), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഡി.യു (ഐ.എന്‍.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന് സമിതിയിലുള്ളത്.
വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്കാരം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
മാനേജ്മെന്റ് കാര്യങ്ങളില്‍ പോലും കൈകടത്തിയിരുന്ന തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ശക്തമായി നടപടികളുമായി കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി രംഗത്തെത്തിയപ്പോള്‍ കലിപ്പു തീര്‍ക്കാന്‍ വേണ്ടിയാണ് ഇവരുടെ സമരം.
ഒരിക്കലും ഒരുമിക്കെല്ലെന്നു കരുതിയ സംഘടനകളുടെ ഒന്നിച്ചു ചേരല്‍ തന്നെ ഉദ്ദേശ്യം ദുരുദ്ദേശ്യമെന്നു വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ തലമുതിര്‍ന്ന ചില നേതാക്കള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു.
തച്ചങ്കരിയെ വ്യക്തിപരമായി അധിക്ഷേപിച്ച സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവന തന്നെ ഇതിനു ദൃഷ്ടാന്തമാണ്.തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്, അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലെന്ന് ആനന്ദന് പറഞ്ഞിരുന്നു.
ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ സമരപ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു ചെറുക്കാനുമാണു സമരമെന്നാണ് യൂണിയനുകളുടെ പ്രഖ്യാപനം.ഇക്കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തച്ചങ്കരിയ്ക്കെതിരാണ്.
യൂണിയനുകള്‍ സുഗമമായി നടത്തിക്കൊണ്ടിരുന്ന മാസപ്പിരിവ് ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് തച്ചങ്കരി അവസാനിപ്പിച്ചതാണ് അദ്ദേഹത്തിനെതിരേ പരസ്യമായി യുദ്ധം പ്രഖ്യാപിക്കുവാന്‍ കാരണം. ബാങ്കും കെഎസ്ആര്‍ടിസിയുമായുള്ള ധാരണപ്രകാരം അംഗീകൃത തൊഴിലാളി സംഘടനകള്‍ക്കു ജീവനക്കാരുടെ സമ്മതത്തോടെ മാസവരി ഈടാക്കാം.
ശമ്പളം അക്കൗണ്ടില്‍ എത്തുമ്പോള്‍ നിശ്ചിത തുക യൂണിയന് അക്കൗണ്ടിലേക്കു മാറ്റും. എസ്ബിഐ ചാല ബ്രാഞ്ചിലാണ് കെഎസ്ആര്‍ടിസിയുടെ കോര്‍ അക്കൗണ്ടുള്ളത്. അക്കൗണ്ട് ഉടമയില്‍ നിന്നു നേരിട്ടു സമ്മതപത്രം വാങ്ങിയിട്ടേ യൂണിയന് ഫണ്ട് നല്‍കാവൂ എന്നാണ് വ്യവസ്ഥ ചെയ്തത്. ഇതോടെ യൂണിയനുകള്‍ക്ക് ലഭിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇതോടെ തച്ചങ്കരിയോടുള്ള വൈരാഗ്യം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി.
ഊര്‍ധശ്വാസം വലിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ നേരെ നില്ക്കാന് പ്രാപ്തമാക്കിയത് തച്ചങ്കരിയുടെ ആറുമാസത്തെ പ്രവര്‍ത്തനമാണ്. അദര്‍ ഡ്യൂട്ടി ഇല്ലാതാക്കിയതും യൂണിയനുകാരെ ജോലിക്കിറക്കിയതുമാണ് ഇതിന് കാരണം.
ജോലി ചെയ്യാതെ ആര്‍ക്കും കെഎസ്ആര്‍ടിസിയില്‍ രക്ഷയില്ലാത്ത അവസ്ഥ. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നത് യൂണിയനുകളാണന്ന് തച്ചങ്കരി തുറന്നടിച്ചു. എന്നാല്‍ ലാഭത്തിലാക്കാനെന്ന പേരില്‍ തച്ചങ്കരി കാണിക്കുന്നതെല്ലാം വെറും ഷോ മാത്രമാണന്നാണ് യൂണിയനുകളുടെ നിലപാട്.
ലൈനില്‍ പോകാതെ ചീഫ് ഓഫീസില്‍ അദര്‍ ഡ്യൂട്ടിയിലിരുന്ന് യൂണിയന് പ്രവര്‍ത്തനം നടത്തിയിരുന്നവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഇവരെ ചീഫ് ഓഫീസില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് സിെഎടിയു യൂണിയന് ആവശ്യപ്പെട്ടെങ്കിലും തച്ചങ്കരി സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് ആവശ്യപ്പെട്ടിട്ടും തച്ചങ്കരി വഴങ്ങിയില്ല.
യൂണിയന്‍കാരെ ചീഫ് ഓഫീസില്‍ നിന്ന് ഇറക്കിയത് ജീവനക്കാര്‍ക്കിടയില്‍ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടതിനാല്‍ യൂണിയനുകള്‍ക്ക് പരസ്യമായി വിമര്‍ശിക്കാനുമാകുന്നില്ല. ഇങ്ങനെ തങ്ങളെ അലട്ടുന്ന പലവിധ പ്രശ്നങ്ങള്‍ക്കുള്ള പോംവഴിയായാണ് ഇപ്പോള്‍ യൂണിയനുകാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.