തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർഥിയെ മൃഗീയമായി ആക്രമിക്കുകയും കഠാരകൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്.
എസ്എഫ്ഐ നേതാക്കളായ ഇവർ കേശവദാസപുരത്തുനിന്നുമാണ് പിടിയിലായത്. സംഭവശേഷം ഇവർ ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതോടെ കേസിൽ ആറ് പ്രതികൾ പിടിയിലായി. എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമൽ, അദ്വൈത്, ആദിൽ എന്നിവരും എസ്എഫ്ഐ പ്രവർത്തകനായ ഇജാബുമാണു വധശ്രമക്കേസിൽ പോലീസിന്റെ പിടിയിലായത്. അദ്വൈത് കേസിലെ മൂന്നാം പ്രതിയും ആരോമൽ, ആദിൽ എന്നിവർ ആറും ഏഴും പ്രതികളുമാണ്. പോലീസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയിൽ ഇജാബിന്റെ പേരുണ്ടായിരുന്നില്ല.
കുറ്റകൃത്യത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇജാബിനെ റിമാൻഡ് ചെയ്തു.
ആരോമൽ, അദ്വൈത്, ആദിൽ എന്നിവരെ തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടിയെന്നാണു പോലീസ് അറിയിച്ചത്. എന്നാൽ, സിപിഎം നേതൃത്വത്തിന്റെ ഉപദേശമനുസരിച്ച് ഇവർ കീഴടങ്ങുകയായിരുന്നു എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.