തിരുവനന്തപുരം: പിഎസ് സി പരീക്ഷാ തട്ടിപ്പു കേസിൽ ഉത്തരങ്ങൾ പരീക്ഷാ ഹാളിൽ ലഭിച്ചത് സ്മാർട്ട് വാച്ചുകൾ മുഖേനയെന്ന് പ്രതികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പിഎസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടും തട്ടിപ്പും നടത്താനുള്ള ആസൂത്രണത്തിൽ തങ്ങളോടൊപ്പം മുൻ എസ്എഫ്ഐ നേതാവും മൂന്നാം പ്രതിയായ പ്രണവും എസ്എപി ക്യാന്പിലെ പോലീസുകാരായ ഗോകുൽ, സഫീർ എന്നിവർക്കും പങ്കുണ്ടെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഉത്തരങ്ങൾ തങ്ങൾ ധരിച്ചിരുന്ന സ്മാർട്ട് വാച്ചിലൂടെ എസ്എംഎസ് ആയി ഗോകുലും സഫീറും അയച്ചു തന്നുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ചിനോട് മൊഴി നൽകിയത്. എന്നാൽ ചോദ്യപേപ്പർ എങ്ങനെയാണ് ലഭിച്ചതെന്ന ചോദ്യങ്ങൾക്ക് പ്രതികൾ പരസ്പര വിരുദ്ധമായാണ് ഉത്തരം നൽകിയത്.
സ്മാർട്ട് വാച്ചുകൾ ഓണ്‍ലൈനായി വാങ്ങിയെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. പ്രതികൾക്ക് പരീക്ഷാ ഹാളിൽ സ്മാർട്ട് വാച്ചുകൾ കൊണ്ടുവരാൻ സഹായം ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിഎസ് സി പരീക്ഷ തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റിൽ കടന്ന്കൂടിയ വിവരം പുറത്തറിഞ്ഞത്.